ചാത്തന്നൂർ: ദേശീയപാതയോരത്ത് രണ്ടാൾപ്പൊക്കത്തിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്നു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ഓടകൾക്കായി കുഴിച്ച മണ്ണാണ് ചാത്തന്നൂർ പോസ്റ്റ് ഓഫീസിന് മുൻവശത്തായി റോഡിനോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്നത്. ഈ ഭാഗത്ത് കാൽനടയാത്രക്കാർ റോഡിലേക്ക് ഇറങ്ങി വേണം യാത്രചെയ്യാൻ. ഇത് അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. രാത്രികാലങ്ങളിൽ വാഹനയാത്രികർക്കും മൺകൂന ഭീഷണിയായിരിക്കുകയാണ്. അടിയന്തരമായി മണ്ണ് ദേശീപാതയോരത്ത് നിന്ന് നീക്കം ചെയ്ത് അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.