കൊട്ടാരക്കര: തൃക്കണ്ണമംഗൽ ജംഗ്ഷനിലെത്തുന്ന ജനങ്ങൾക്കും വ്യാപാരികൾക്കും ഒരുപോലെ ഭീഷണിയായി റോഡരികിലെ കൂറ്റൻ മഴമരം. 11 കെ.വി ഇലക്ട്രിക് ലൈനിനോടു ചേർന്ന് റോഡിലേക്കു ചാഞ്ഞനിലയിലാണ് നാൽപ്പതു വർഷം പ്രായമുള്ള മരം നിൽക്കുന്നത്. മഴപെയ്യുമ്പോൾ ഇലകളിൽ വെള്ളം നിറഞ്ഞ് ചില്ലകൾ അടർന്നുവീഴുന്നത് പതിവാണ്. ഇത്തരത്തിൽ മരത്തിന്റെ ശിഖരം വീണ് ഇരുചക്രവാഹന യാത്രികർക്കടക്കം അപകടമുണ്ടായിട്ടുണ്ട്.
മഴയും കാറ്റുമുള്ള സമയത്ത് പരിസരത്തുള്ള വ്യാപാരികൾ ശ്വാസം അടക്കിപ്പിടിച്ചാണ് കടകളിൽ നിൽക്കാറുള്ളത്. കോടതിയിലെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഈ മരത്തിന്റെ ചുവട്ടിലാണ്. കോടതിയിലും സമീപത്തെ മറ്റ് സ്ഥാപനങ്ങളിലും എത്തുന്നവരും വിശ്രമിക്കുന്നതും ഇവിടെത്തന്നെ. ഇവരെല്ലാം അപകട ഭീഷണിയുടെ നടുവിലാണ്. ശക്തമായ കാറ്റിൽ മരം കടപുഴകിയാൽ വീഴുന്നത് വൈദ്യുതി കമ്പിയുടെ മുകളിലേക്കാകും. വൻ ദുരന്തത്തിനാകും ഇത് വഴിതെളിക്കുക. എന്നാൽ അതികൃതർ മാത്രം ഇതൊന്നും അറിഞ്ഞിട്ടില്ല.
പരാതികൾ നിരവധി, നടപടിയില്ല
പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണി ഉയർത്തുന്ന മഴമരം മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കണ്ണമംഗൽ ജനകീയവേദിയും വിജയനഗർ റസിഡന്റ്സ് അസോസിയേഷനും മറ്റു സംഘടനകളും ജില്ലാ കളക്ടർക്കും നഗരസഭാ അധികൃതർക്കും പരാതി നൽകിയിരുന്നു. എന്നാൽ മൂന്ന് വർഷമായിട്ടും നടപടി മാത്രം ഉണ്ടായില്ല. ജില്ലാ കളക്ടർ മരം മുറിച്ചു നീക്കണമെന്ന് ഉത്തരവിട്ടെങ്കിലും പാഴ്മരയായതിനാൽ ലേലത്തിൽ പങ്കെടുക്കാൻ പോലും ആരും മുന്നോട്ടു വന്നിട്ടില്ല. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും മരം മുറിച്ചുമാറ്റി തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നത്.