c
പിക് അപ് വാൻ സ്റ്റാൻഡ്

കൊട്ടാരക്കര : പുലമൺ ഐസക് നഗറിനോടു ചേ‌ർന്ന് കോട്ടയം റോഡിലുള്ള നഗരസഭയുടെ പിക് അപ് വാൻ സ്റ്റാൻഡ് മണ്ണിടിച്ചിലും അപകടകരമായി നിൽക്കുന്ന മരങ്ങളും മൂലം അപകടഭീഷണിയിൽ. റോഡിനു വശത്തുള്ള സ്റ്റാൻഡ് മേൽ ഭാഗം മണ്ണെടുത്ത കുന്നിനു ചുവട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഉറപ്പില്ലാത്ത മൺകൂന നിരന്തരം ഇടിഞ്ഞു വീഴുകയാണ്. മൺകൂനയിലുള്ള മരങ്ങളിൽ പലതും ഇതിനൊപ്പം നിലം പതിക്കാറുണ്ട്. മണ്ണിടിച്ചിലുണ്ടാകുന്ന സമയങ്ങളിൽ സ്റ്റാൻഡിൽ പിക്അപ് വാനുകൾ വളരെ കുറവാണ്. കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയിലും കാറ്റിലും സ്റ്റാൻഡിലുണ്ടായിരുന്ന പിക് അപ് വാനിനു മുകളിലൂടെയാണ് മരം വീണത്. ഡ്രൈവർ പുറത്തായിരുന്നതിനാൽ ആളപായം ഉണ്ടാകാതെ രക്ഷപ്പെടുകയായിരുന്നു. മണ്ണിടിച്ചിലും മരം കടപുഴകി വീഴലും നിരന്തരം അപകട ഭീഷണി ഉയർത്തുന്നതിനാൽ പിക് അപ് വാൻ സ്റ്റാൻഡ് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുകയോ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റുകയോ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.