കടയ്ക്കൽ: ഷാർജയിൽ താമസ സ്ഥലത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മലയാളി അടിയേറ്റു മരിച്ചു.
ഇട്ടിവ വയ്യാനം വിജയസദനത്തിൽ ചന്ദ്രൻപിള്ളയുടെയും വിജയമ്മയുടെയും മകൻ മനോജാണ് (39) മരിച്ചത്.മനോജിനോടൊപ്പം കമ്പനിയിൽ ജോലി ചെയ്യുന്ന കല്ലമ്പലം സ്വദേശി വിനോദിനെ (43) സംഭവവുമായി ബന്ധപ്പെട്ട് യു.എ. ഇ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ അഞ്ചിന് ചെറിയപെരുന്നാൾ ദിവസമായിരുന്നു സംഭവം. മുറിയിൽ കിടന്നുറങ്ങുകയായിരുന്ന വിനോദിനെ കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റതിനെ തുടർന്ന് ഷാർജയിലെ കൽബ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 9ന് രാത്രി മരിച്ചു. മൃതദേഹം ഇന്ന് നാട്ടിൽ കൊണ്ടുവരും. വയ്യാനത്തെ വീട്ടുവളപ്പിൽ രാവിലെ 7.30ന് സംസ്കാരം നടത്തും.
15 വർഷമായി ഗൾഫിലായിരുന്ന മനോജ് ഒന്നരക്കൊല്ലമായി
കൽബയിലെ കൺസ്ട്രക്ഷൻ കമ്പനിയിലെ ഡ്രൈവറാണ്.പ്രതി വിനോദിന്റെ സഹോദരനാണ് മനോജിന്റെ സ്പോൺസർ. മനോജ് വഴിയാണ് എല്ലാ കാര്യങ്ങളും സ്പോൺസർ നടത്തിയിരുന്നത്.ഇതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് മനോജിന്റെ ബന്ധുക്കൾ പറയുന്നു. രാരിയാണ് മനോജിന്റെ ഭാര്യ. മക്കൾ: അഭിനന്ദ്, അഭിരാമി.