കൊല്ലം: കഴിഞ്ഞ രണ്ട് വർഷം കൊണ്ട് മുണ്ടയ്ക്കൽ അഗതിമന്ദിരത്തിന്റെ മുഖച്ഛായ മാറുകയാണ്. പരിമിതമായ സൗകര്യങ്ങളിൽ വീർപ്പുമുട്ടിയിരുന്ന അഗതിമന്ദിരം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സ്നേഹസ്പർശത്താൽ മികവുറ്റ സൗകര്യങ്ങളിലേക്കുയരുകയാണ്.
മന്ദിരത്തിന്റെ ദുരിതപൂർണമായ അവസ്ഥ പത്ര-ദൃശ്യ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ യൂസഫലി സഹായഹസ്തവുമായി എത്തുകയായിരുന്നു. മന്ദിരത്തിൽ സൗകര്യങ്ങളൊരുക്കുന്നതിനും ദൈനംദിനം ചെലവുകൾക്കുമായി ഇതുവരെ 75 ലക്ഷം രൂപയുടെ സഹായധനമാണ് അദ്ദേഹം നൽകിയത്. ആദ്യവർഷം നൽകിയ 25 ലക്ഷം രൂപയിൽ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുകയും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ശുചിമുറികൾ നിർമ്മിക്കുകയും ചെയ്തു. കൂടാതെ
അന്തേവാസികൾക്ക് ഭക്ഷണം നൽകാനും പണം ചെലവഴിച്ചു.
കെട്ടിടത്തിന്റെ ശോച്യാവസ്ഥ മാറ്റുവാൻ കഴിഞ്ഞ വർഷം 25 ലക്ഷം രൂപ കൂടി നൽകി. ഈ തുക ഉപയോഗിച്ച് അഗതിമന്ദിരത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി വരികയാണ്. നിലവിൽ ഇവിടെ താമസിക്കുന്ന 114 അന്തേവാസികൾക്കും കിടക്കാൻ കട്ടിലും സ്ത്രീകൾക്കും പുരുഷന്മാർക്കും ഭക്ഷണം കഴിക്കൻ ഹാളും സജ്ജമാക്കി. ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ദിവസം ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോഷി ഷാഡനന്ദൻ പുവർഹോം സൊസൈറ്റി സെക്രട്ടറി ഡോ. ഡി. ശ്രീകുമാറിന് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയായിരുന്നു.