kerela

കൊല്ലം: കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് ആരംഭിച്ചതോടെ നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി കുണ്ടറ- പരവൂർ റൂട്ടിലെ സ്വകാര്യ ബസുകൾ കൂട്ടത്തോടെ സർവീസ് നിറുത്താനൊരുങ്ങുന്നു. തൊഴിലാളികൾക്ക് ശമ്പളം നൽകാൻ പോയിട്ട് ഡീസലിനുള്ള പണം പോലും കിട്ടുന്നില്ലെന്നാണ് ബസുടമകൾ പറയുന്നത്.

164 സ്വകാര്യ ബസുകളാണ് കുണ്ടറ- കൊട്ടിയം- പരവൂർ റൂട്ടിൽ സർവീസ് നടത്തുന്നത്. ഒന്ന് മുതൽ മൂന്ന് മിനിട്ട് വരെ ഇടവിട്ടാണ് ഇവയുടെ ഓട്ടം. ഇതിനിടെയാണ് 15 മിനിറ്റ് ഇടവേളയിൽ കെ.എസ്.ആർ.ടി.സി 14 ചെയിൻ സർവീസുകൾ ആരംഭിച്ചത്. ഇതോടെ സ്വകാര്യ ബസുകളുടെ ശരാശരി ദിവസ വരുമാനം 5800 രൂപയായി ഇടിഞ്ഞുവെന്ന് അവർ പറയുന്നു. ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾക്ക് പ്രതിദിനം 4800 രൂപയെങ്കിലും ഡീസലിന് ചെലവാകും. 1600 മുതൽ 2000 രൂപ വരെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വേണം. ഇതിന് പുറമെയാണ് അറ്റകുറ്റപ്പണിക്കും ടാക്സിനും ഇൻഷ്വറൻസിനുമുള്ള പണം. കുറഞ്ഞത് 8000 രൂപയെങ്കിലും ദിവസ വരുമാനം ലഭിച്ചാലേ തങ്ങൾക്ക് എന്തെങ്കിലും മിച്ചം ലഭിക്കുകയുള്ളുവെന്നാണ് ബസുടമകൾ പറയുന്നത്.

ഇത്രയും ബസുകളിലായി 1500 ഓളം ജീവനക്കാരുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിലായി 9 ജീവനക്കാരാണ് ഒരു ബസിനെ ആശ്രയിച്ച് ജീവിക്കുന്നത്. ഇതിന് പുറമെ വിദ്യാർത്ഥികളും പ്രതിസന്ധിയിലാകും. കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിച്ചിട്ടില്ല. കൊട്ടിയം- അഞ്ചൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് ആരംഭിച്ചതോടെ നഷ്ടം താങ്ങാനാകാതെ 20 സ്വകാര്യ ബസുകളാണ് പെർമിറ്റ് സറണ്ടർ ചെയ്തത്. ആ റൂട്ടിലെ വിദ്യാർത്ഥികൾ ഒരു മണിക്കൂറോളം കാത്തുനിന്നാണ് സ്വകാര്യബസുകളിൽ കയറുന്നത്.

ചാത്തന്നൂർ - പരവൂർ റൂട്ടിലേക്ക് യാത്രക്കാരെത്തുന്ന കലയ്ക്കോട്, പൊഴിക്കര, ഊന്നിൻമൂട് ചിറക്കരത്താഴം തുടങ്ങിയ ബൈ റൂട്ടുകളിൽ സ്വകാര്യ ബസുകൾ മാത്രമാണുള്ളത്. ഈ ബസുകൾ നിലയ്ക്കുന്നതോടെ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസിനും യാത്രക്കാരെ ലഭിക്കാത്ത അവസ്ഥയാകുമെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു. സർവീസ് നടത്തുന്ന ബസുകളുടെ ഉടമകളിൽ ഭൂരിഭാഗവും ഒരു ബസ് മാത്രം ഉള്ളവരാണ്. ലക്ഷക്കണക്കിന് രൂപ വായ്പയെടുത്താണ് പെർമിറ്റ് സഹിതം പലരും ബസ് വാങ്ങിയത്.

സ്വകാര്യ ബസുകൾ : 164

ജീവനക്കാർ : 1500

ഒരു ബസിന്റെ ഇപ്പോഴത്തെ

പ്രതിദിന വരുമാനം: 5800

ഡീസൽ ചെലവ് : 4800

ജീവനക്കാരുടെ വേതനം: 1600 മുതൽ 2000 വരെ

ലാഭകരമായി സർവീസ്

നടത്താൻ ബസുടമകൾ

പ്രതീക്ഷിക്കുന്ന വരുമാനം : 8000