കടയ്ക്കൽ: ചുണ്ട വുഡ്‌ലം പാർക്ക് പബ്ലിക് സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് വനിതാ കമ്മിഷൻ അംഗം ഡോ.ഷാഹിദാ കമാൽ. ഉദ്ഘാടനം കഴിഞ്ഞ് സമ്മേളനത്തിൽ പങ്കെടുക്കാൻ വേദിയിലെത്തിയപ്പോഴാണ് ചടങ്ങിൽ താൻ ആദരിക്കാൻ പോകുന്നത് സ്വന്തം സഹോദരനും കടയ്‌ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനുമായ നാസറിനെയാണെന്ന് അറിയുന്നത്.
നാസറിന്റെ സഹപാഠിയായിരുന്ന ഡോ. അബ്ദുൽ ഗഫൂർ ചെയർമാനായുള്ള സ്കൂളാണ് വുഡ്ലം പാർക്ക് പബ്ലിക് സ്കൂൾ. പ്രൈമറി സ്കൂൾ മുതൽ തന്റെ സഹപാഠിയായിരുന്ന നാസറിന് ഡി ലിറ്റ് ലഭിച്ചപ്പോൾ അദ്ദേഹത്തെ ആദരിക്കാനുള്ള ഡോ. ഗഫൂറിന്റെയും സ്കൂൾ മാനേജ്മെന്റിന്റേയും തീരുമാനമാണ് സഹോദരങ്ങളെ ഒരേ വേദിയിലെത്തിച്ചത്.
മെച്ചപ്പെട്ട വിദ്യാഭ്യാസവും സൗകര്യങ്ങളും ലഭിക്കുമ്പോൾ സ്വാർത്ഥരാകരുതെന്നും സാമൂഹ്യ പ്രതിബദ്ധതയ്ക്ക് കൂടി ഹൃദയത്തിൽ ഇടം നൽകണമെന്നും ഡോ. ഷാഹിദാ കമാൽ പറഞ്ഞു. പഴയ കാലത്തെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ആഴമാണ്, സഹപാഠിയെ ആദരിക്കുന്നതിലൂടെ ഡോ. ഗഫൂർ സമൂഹത്തിന് നൽകുന്ന പാഠമെന്നും. ഷാഹിദാ കമാൽ അഭിപ്രായപ്പെട്ടു.