chemmen
ചിറക്കര ഗ്രാമപഞ്ചായത്തിൽ നടന്ന ചെമ്മീൻ വിളവെടുപ്പ്

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്ത്‌ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച മത്സ്യക്കൃഷിയിൽ ചെമ്മീൻ കൃഷിക്ക് മികച്ച വിളവ്. കൊഞ്ച്, കരിമീൻ, കാർപ്പ്, ഗിഫ്റ്റ് തിലോപ്പിയ എന്നീ മത്സ്യങ്ങളും കൂട് മത്സ്യ കൃഷിയും ഇതിനോടകം പഞ്ചായത്തിൽ ആരംഭിച്ചു കഴിഞ്ഞു.

സംസ്ഥാനത്തിന് തന്നെ മാതൃകയായ മത്സ്യകൃഷിയാണ് ചിറക്കരയിൽ നടന്നുവരുന്നത്. പോളച്ചിറയിൽ 'ഒരു മീനും ഒരു നെല്ലും' പദ്ധതിക്കായി നഴ്സറി കുളം തയ്യാറായി വരികയാണ്. ഗ്രാമ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മലക്കായലിൽ ഓരുജല സമ്മിശ്രിത മത്സ്യക്കൃഷിയും നടത്തി വരുന്നുണ്ട്. കൂടാതെ ജീവനുള്ള മത്സ്യങ്ങളുടെ വിപണന കേന്ദ്രവും കുഴുപ്പിലിൽ പ്രവർത്തിക്കുന്നുണ്ട്.

വിളവെടുപ്പ് ഉദ്ഘാടനം ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മധുസൂദനൻ പിള്ള, ഉല്ലാസ് കൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ പ്രേമചന്ദ്രൻ ആശാൻ, സുശീലദേവി, ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.