kollam-corporation
മാടൻനടയിൽ റോഡിലേക്കിറക്കിയ ഫ്ലക്സ് ബോർഡ് നീക്കം ചെയ്യുന്നതിനിടെ അക്രമികളുടെ മർദ്ദനമേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോർപ്പറേഷൻ ഉദ്യോഗസ്ഥരെ സന്ദർശിച്ച് വിവരങ്ങൾ ആരായുന്ന മേയർ വി. രാജേന്ദ്രബാബു

 ആക്രമിച്ചത് ബേക്കറി ഉടമയും കൂട്ടാളികളും

 മുപ്പതോളം പേർക്കെതിരെ കേസ്

 ഒരാൾ കസ്റ്റഡിയിൽ

കൊല്ലം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ അനധികൃത ഫ്ലക്‌സ് ബോർഡും നടപ്പാതയിലേക്ക് ഇറക്കി വച്ചിരുന്ന ഗ്രിൽഡ് ചിക്കൻ യൂണിറ്റും നീക്കം ചെയ്ത നഗരസഭയിലെ ഉദ്യോഗസ്ഥ സംഘത്തെ ബേക്കറി ഉടമയും കൂട്ടാളികളും ചേർന്ന് ആക്രമിച്ചു. സാരമായി പരിക്കേറ്റ കോർപ്പറേഷൻ ഇരവിപുരം സോണൽ ഓഫീസ് സൂപ്രണ്ട് രാജേഷ്, ഓവർസിയർമാരായ ലിജു, രാജി എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ രാവിലെ പത്തരയോടെ മാടൻനടയിലായിരുന്നു സംഭവം. പോളയത്തോടിനും മാടൻനടയ്‌ക്കും മദ്ധ്യേയുള്ള ബേക്കറിയുടെ ഫ്ലക്‌സ് പരസ്യബോർഡ് റോഡിലേക്ക് ഇറക്കിവച്ചിരിക്കുകയായിരുന്നു. ഓപ്പറേഷൻ ഈസി വാക്ക് നടന്നപ്പോൾ ഈ പരസ്യബോർഡ് ഉപയോഗിക്കരുതെന്ന് കടയുടമയ്ക്ക് നഗരസഭാ ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകിയിരുന്നുവെങ്കിലും പാലിച്ചില്ല.

ഇന്നലെ ഉദ്യോഗസ്ഥ സംഘം ഈ ബോർഡും ഗ്രിൽഡ് ചിക്കൻ യൂണിറ്രും പിടിച്ചെടുത്ത് വാഹനത്തിൽ കയറ്റി. ഇതേ തുടർന്ന് സുഹൃത്തുക്കളുമായെത്തിയ ബേക്കറി ഉടമ ഉദ്യാഗസ്ഥരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ഓവർസിയർ ലിജുവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ ഓവർസിയർ രാജിയുടെ മൊബൈൽ ഫോൺ അക്രമികൾ തട്ടിയെടുത്തു. മറ്റ് ചില ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയ ശേഷം ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞു. ലിജുവിനെയും രാജിയെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാജേഷിന് മർദ്ദനമേറ്റത്. അക്രമികൾ ഉദ്യോഗസ്ഥർക്ക് നേരെ വധഭീഷണി മുഴക്കിയതിനൊപ്പം അസഭ്യവർഷവും നടത്തി.

വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. സംഭവമറിഞ്ഞ് മേയർ അടക്കമുള്ള നഗരസഭാ അധികൃതർ സ്ഥലത്തെത്തി. പരിക്കേറ്റ ഉദ്യോഗസ്ഥരെ മേയർ ജില്ലാ ആശുപത്രിയിൽ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ കേസെടുത്തു. ഒരാൾ കസ്റ്റഡിയിലായതായും സൂചനയുണ്ട്.