കൊല്ലം: പ്ലാസ്റ്റിക് വീട് എന്ന ആശയവുമായി ചാത്തന്നൂർ എം.ഇ.എസ് എൻജി. കോളേജ് വിദ്യാർത്ഥികൾ. കാലിക്കുപ്പികളിൽ കെട്ടിട നിർമ്മാണ അവശിഷ്ടങ്ങൾ നിറച്ചാണ് വീടിന്റെ അടിത്തറ, ഭിത്തി, മേൽക്കൂര എന്നിവ നിർമ്മിക്കുന്നതെന്ന് കോളേജിലെ സിവിൽ വിഭാഗം മേധാവി അബി ബഷീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അവസാന വർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥികളായ അനുജിത്ത് സജി, എസ്. സുബഹാൻ, എ. തസ്‌നി, എസ്. ഷഹാന എന്നിവരാണ് പഠനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് വീടുകളുടെ മാതൃക നിർമ്മിച്ചത്.
ചതുരശ്രയടിക്ക് 675 രൂപയാണ് പ്രതീക്ഷിക്കുന്നത്. ചെലവു കുറച്ചു നിർമ്മിക്കാൻ കഴിയുന്നവയാണിവ. മാതൃകാ വീട് നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും കോളേജ് ലാബിൽ പരിശോധന നടത്തി ഗുണമേന്മ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. വീടു നിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടത്തിൽ അഗ്നിബാധ ചെറുക്കാനുള്ള മാർഗ്ഗങ്ങളും സ്വീകരിക്കും. വിദ്യാർത്ഥികളായ അനുജിത്ത് സജി, എസ്. ഷഹാന എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.