koyikal
കോയിക്കൽ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നു

 ബലക്ഷയം ഗുരുതരം,

 റിപ്പോർട്ട് നൽകിയത് ഏഴുമാസം മുമ്പ്

 മണ്ണുപരിശോധനയ്ക്കുള്ള അനുമതിയിലൊതുങ്ങി കാര്യങ്ങൾ

കൊല്ലം: കൊല്ലം - തിരുമംഗലം ദേശീയപാതയിൽ കല്ലുംതാഴത്തിന് സമീപത്തെ കോയിക്കൽപാലം അപകടാവസ്ഥയിൽ. അരനൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നു കരുതുന്ന പാലത്തിന്റെ കോൺക്രീറ്റ് കമ്പികൾ ദ്രവിച്ച് ഒടിഞ്ഞ് മാറിയിരിക്കുന്നു. പാലത്തിനടിയിലെ കോൺക്രീറ്റ് പാളികൾ ദിവസവും അടർന്ന് താഴേക്ക് വീഴുകയാണ്. പാലത്തിന്റെ തൂണുകളിലെ കോൺക്രീറ്റും അടർന്നതിനെ തുടർന്ന് ദ്രവിച്ച കമ്പികൾ ഇളകിയ നിലയിലാണ്.

ദേശീയപാതയിലെ പാലത്തിലൂടെ ദിവസവും ചെറുതും വലുതുമായി പതിനായിരക്കണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. പാലത്തിന് മുകളിൽ കാര്യമായ തകരാർ ദൃശ്യമല്ലെങ്കിലും അടിവശം തകർന്ന് അതീവ അപകടാവസ്ഥയിലാണ്. പാലം ഉടനടി പുനർ നിർമ്മിക്കണമെന്ന വിദഗദ്ധ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ ഇഴയുകയാണ്. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ബ്രിഡ്ജ് ഇൻസ്പെക്ഷൻ യൂണിറ്റ് പരിശോധന നടത്തി ഏഴ് മാസം മുൻപാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയത്. ഇതിന്റെ പകർപ്പ് പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാതാ വിഭാഗത്തിനും നൽകിയിരുന്നു.

ഗുരുതരമായ ബലക്ഷയം നേരിടുന്നതിനാൽ ഉടനടി പുനർ നിർമ്മാണം വേണമെന്ന് കേന്ദ്ര സംഘം വിലയിരുത്തിയിട്ടും സർക്കാർ വകുപ്പുകൾ കുറ്റകരമായ അനാസ്ഥ തുടരുകയാണ്.

പരിശോധനയുടെ റിപ്പോർട്ട് ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ പാലം നിർമ്മാണത്തിന്റെ മുന്നോടിയായുള്ള മണ്ണ് പരിശോധനയ്‌ക്ക് അനുമതി ലഭിച്ചതാണ് നടപടിയിലുണ്ടായ ഏക പുരോഗതി. ഭരണപരമായ നിരവധി ഘട്ടങ്ങൾ പിന്നിട്ടാൽ മാത്രമേ പാലത്തിന്റെ നിർമ്മാണത്തിലേക്ക് കടക്കാനാകൂ. നടപടികൾ ഒച്ചിഴയും വേഗത്തിലായാൽ പുതിയ പാലത്തിനായി വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.

 അറ്റകുറ്റപണികൾക്ക് ശുപാർശ

ഗുരുതരമാം വിധം അപകടാവസ്ഥയിലായ പാലത്തിന്റെ അടിയന്തര അറ്റകുറ്റപണികൾക്കായി പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് ശുപാർശ നൽകി. പുതിയ പാലത്തിന്റെ നിർമ്മാണ നടപടികൾ ഇഴയുമെന്നതിനാൽ അറ്റകുറ്റപ്പണി അനിവാര്യമാണ്. ഇതിനായി കാൽകോടിയോളം രൂപ വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പക്ഷേ അറ്റകുറ്റപ്പണികൾക്കുള്ള ശുപാർശകളും ചുവപ്പ് നാടയിൽ ഇഴ‌ഞ്ഞു നീങ്ങുകയാണ്.

 സുരക്ഷിതമല്ല കോയിക്കൽ പാലം

പരിമിതമായ വാഹനങ്ങൾ മാത്രം കടന്നുപോകുന്ന ഗ്രാമീണ പാലങ്ങളെ സമീപിക്കുന്നത് പോലെയാണ് ദേശീയപാതയിലെ കോയിക്കൽ പാലത്തെയും അധികൃതർ കാണുന്നത്. നിരന്തരമായി കടന്നുപോകുന്ന വാഹനങ്ങളെ താങ്ങാനുള്ള ശേഷി ഇന്ന് പാലത്തിനില്ല. ദ്രവിച്ച കമ്പികളിൽ പലതും ഒടിഞ്ഞ് താഴെയുള്ള നീർച്ചാലിൽ വീഴുകയാണ്. ഇരുവശത്തും സംരക്ഷണ ഭിത്തികൾ ഉള്ളതിനാൽ പാലത്തിന്റെ ഗുരുതരാവസ്ഥ യാത്രക്കാർ അറിയുന്നില്ലെന്നുമാത്രം.