photo
പുനരുദ്ധാരണ പ്രവർത്തനം ഇഴഞ്ഞ് നീങ്ങുന്ന കോഴിക്കോട് മിൽമാ ജംഗ്ഷൻ - പാട്ടാളശ്ശേരിമുക് റോഡ്.

പ്രദേശവാസികളുടെ പ്രതിഷേധം ശക്തം

കരുനാഗപ്പള്ളി: കോഴിക്കോട് മിൽമാ ജംഗ്ഷൻ - പാട്ടാളശ്ശേരി മുക്ക് റോഡിന്റെ പുനരുദ്ധാരണം ഇഴഞ്ഞ് നീങ്ങുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. 4 മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച റോഡ് പണി ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്ന് പൂർത്തീകരിക്കാൻ കഴിയുമെന്നതിനെപ്പറ്റി ബന്ധപ്പെട്ട ഉദ്യേഗസ്ഥർക്കും വലിയ ധാരണയില്ല. ഒരു കിലോമീറ്ററോളം ദൈർഘ്യം വരുന്ന റോഡിന്റെ വടക്ക് ഭാഗത്തുകൂടിയുള്ള ഓടയുടെ നിർമ്മണം പൂർത്തിയായി. ടാർ ചെയ്യുന്നതിന്റെ ഭാഗമായി റോഡിൽ പൂർണമായും കോറി മഗ് നിരത്തിയിരിക്കുകയാണ്. മുകളിലേക്ക് തള്ളിനിൽക്കുന്ന പാറയുടെ കൂർത്ത അഗ്രഭാഗം കാലിൽ തുളച്ച് കയറുന്നതാണ് കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നത്. ഇതുവഴിയുള്ള ഇരുചക്ര വാഹനങ്ങളിലൂടെയുള്ള സഞ്ചാരവും ദുരിതപൂർണമാണ്. ഇരുചക്ര വാഹനങ്ങളുടെ ടയർ പഞ്ചറാകുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്. നിലവിലുള്ള റോഡിൽ 15 സെന്റീമീറ്റർ പൊക്കത്തിൽ മെറ്റിൽ നിരത്തിയതിന് ശേഷം മാത്രമേ ടാറിംഗ് ജോലികൾ ആരംഭിക്കാൻ കഴിയൂ. കാലവർഷം തീരാതെ ടാറിംഗ് നടത്താൻ കഴിയില്ലെന്നാണ് കരാറുകാരൻ പറയുന്നത്. മെറ്റൽ നിരത്തി റോളർ കയറ്റിയിറക്കിയാൽ റോഡ് നിരപ്പായി മാറും. ഇതോടെ നിലവിലുള്ള ദുരിത യാത്രയ്ക്ക് താൽക്കാലിക പരിഹാരമാകും. ഊട്ടുതറ സുനാമി പുനരധിവാസ കോളനിയിലെ 63 കുടുംബങ്ങളും റോഡിന്റെ വശങ്ങളിലാണ് താമസിക്കുന്നത്. കോഴിക്കോട് വെമ്പളകാവ് ക്ഷേത്രത്തിൽ ഭക്തർക്ക് എത്തപ്പെടാനുള്ള ഏക മാർഗം കൂടിയാണിത്.

30 ലക്ഷം രൂപ

ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിൽ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കരുനാഗപ്പള്ളി നഗരസഭയുടെ 23, 24 ഡിവിഷനുകളിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. 200 ഓളം കുടംബങ്ങൾ റോഡിന്റെ നേരിട്ടുള്ള ഉപഭോക്താക്കളാണ്.

റോഡിന്റെ പുനരുദ്ധാരണം ഒച്ചിഴയും വേഗത്തിലാണ് പുരോഗമിക്കുന്നത്. റോഡിൽ പൂർണമായും കോറി മഗ് നിരത്തിയിരിക്കുന്നത് മൂലം ഇതുവഴിയുള്ള സഞ്ചാരം വളരെ ദുഷ്ക്കരമാണ്. മെറ്റൽ നിരത്തി റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണം.

പ്രദേശവാസികൾ