പുനലൂർ: കാലവർഷം ആരംഭിച്ചതോടെ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വീണ്ടും അപകടക്കെണി. കനത്തമഴയിൽ റോഡിൽ കുഴികൾ രൂപപ്പെട്ടതാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. പുനലൂർ മുതൽ കലയനാട് വരെയുള്ള പാതയിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ദേശീയപാതയ്ക്ക് മദ്ധ്യേ വാട്ടർ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾ കാലപ്പഴക്കത്തിൽ പൊട്ടുന്നത് പതിവായതാണ് റോഡിന്റെ തകർച്ചയ്ക്കുള്ള മറ്റൊരു കാരണം. ഇവയുടെ അറ്റകുറ്റപ്പണിക്കായി പാത വെട്ടിപ്പൊളിക്കുന്നതോടെ തകർച്ചയുടെ തോത് വർദ്ധിക്കും.
ഇത്തരത്തിൽ രൂപപ്പെടുന്ന കുഴികൾ അടയ്ക്കുന്നകാര്യം അധികൃതർ ശ്രദ്ധിക്കാറില്ല. ഇതും റോഡിൽ അപകടക്കെണിയൊരുക്കുന്നു. പുനലൂർ, വാളക്കോട്, വാളക്കോട് മുസ്ലീം പളേളിക്ക് സമീപം, കലയനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിതി ഏറെ ഗുരുതരം. ഇരുചക്രവാഹനങ്ങളിലെത്തുന്നവർ റോഡിലെ കുഴികൾ തിരിച്ചറിയാനാകാതെ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവാണ്. അപകട മേഖലയായ വാളക്കോട്ടെ കൊടുംവളവിലാകട്ടെ വാട്ടർ അതോറിറ്റി അധികൃതർ റോഡ് വെട്ടിക്കുഴിച്ച ശേഷം വൃക്ഷതൈകൾ വച്ചാണ് അപകടസൂചന നൽകിയിരിക്കുന്നത്. ഇത് പലപ്പോഴും വാഹനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കാറില്ല.
രണ്ട് മാസം മുമ്പ് കുഴിയിൽപ്പെടാതെ വെട്ടിച്ച ചരക്ക് ലോറി ഇവിടെ നിയന്ത്രണംവിട്ട് മറിഞ്ഞിരുന്നു. ഇതുപോലെ നിരവധി അപകടങ്ങൾ വേറെയും ഉണ്ടായി. കാലവർഷം ശക്തമാകുന്നതോടെ ദേശീയപാതവഴിയുള്ള ഗതാഗതം കൂടുതൽ ദുഷ്കരമാകുമെന്ന് ഭീതിയിലാണ് ജനങ്ങൾ. അതിന് മുമ്പ് റോഡിലെ കുഴികളടച്ച് സുരക്ഷിത യാത്രയൊരുക്കാൻ അധികൃതർ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം.