photo-new
ഷാപ്പ്മുക്കിൽ റോഡരികിൽ രൂപപ്പെട്ട കുഴി

കുണ്ടറ: റോഡിനോട് ചേർന്ന് മണ്ണിടിഞ്ഞുണ്ടായ കുഴി അപകട ഭീഷണിയുയർത്തുന്നു. കുണ്ടറ-കൊട്ടിയം റോഡിൽ ഷാപ്പുമുക്കിലാണ് കെ.എ.പി കനാലിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡിനോട് ചേർന്ന് വലിയ കുഴി രൂപപ്പെട്ടത്. ആറ് മാസം മുമ്പ് പച്ചക്കറി കയറ്റിവന്ന ചരക്ക് വണ്ടി തിരിക്കുന്നതിനിടെ സംരക്ഷണഭിത്തി തകർന്ന് വാഹനം പത്തടിയോളം താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞിരുന്നു. പിന്നീടുണ്ടായ മഴയിൽ സമീപത്തെ മണ്ണൊലിച്ചു പോയാണ് കുഴി രൂപപ്പെട്ടത്.

ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിന് സമീപം ഒരു മീറ്റർ നീളത്തിൽ വലിയ കുഴി രൂപപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരും നടപടിയും ഉണ്ടായിട്ടില്ല. മാസങ്ങൾ കഴിഞ്ഞിട്ടും അപകട മുന്നറിയിപ്പ് സൂചിപ്പിക്കുന്നതിനായി ബോർ‌ഡ് സ്ഥാപിക്കാനും അധികൃതർ തയ്യാറായിട്ടില്ല. രാത്രികാലങ്ങളിൽ പ്രദേശത്ത് ഇരുട്ടായതിനാൽ ചെറിയ വാഹനങ്ങൾക്കും കാൽനടയാത്രികർക്കും കുഴി കാണാൻ പറ്റില്ല.

പ്രദേശവാസികൾ അപായസൂചന നൽകുന്നതിനായി ചുവന്ന തുണി കമ്പിൽ കെട്ടി വെച്ചിട്ടുണ്ട്. കനാലിന് സംരക്ഷണഭിത്തി നിർമ്മിച്ചില്ലെങ്കിൽ റോഡ് ഇടിഞ്ഞുതാഴാനും സാധ്യതയുണ്ട്‌. സംരക്ഷണഭിത്തി കെട്ടി റോഡിനെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.