photo
ബാഷ സതീഷ് കൊട്ടാരക്കരയിലെ ഓട്ടോ സ്റ്റാൻഡിൽ

കൊല്ലം: കൊട്ടാരക്കര നിന്നും ഓട്ടോയിൽ എഴുകോണിൽ എത്തിയ സുരേഷ് ചോദിച്ചു: എത്രയായി?

ഓട്ടോക്കാരൻ: 170 രൂപ.

തുക കുറച്ചു കൂടുതലല്ലേയെന്ന് തോന്നിയതിനാൽ ചോദിച്ചു... എത്ര കുറയും?

ഉടൻ വന്നു മറുപടി... "നാൻ ഒരു തടവയ് സൊന്നാ നൂറ് തടവയ് സൊന്ന മാതിരി"- രജനികാന്ത് സ്റ്റൈലിൽ ഓട്ടോക്കാരന്റെ മാസ് ഡയലോഗ് കേട്ട് പിന്നെ തർക്കിയ്ക്കാൻ നിന്നില്ല. ചോദിച്ച പണം കൊടുത്ത് സ്ഥലം കാലിയാക്കി. ഇത് കൊട്ടാരക്കര പുലമൺ കവലയിലെ ഓട്ടോ ഡ്രൈവർ സതീഷ്. യഥാർത്ഥ പേര് പറഞ്ഞാൽ ഇവിടെ ആർക്കും അറിയില്ല. ബാഷ എന്നുപറഞ്ഞാൽ അറിയാത്തവർ ചുരുക്കം! വേഷവും നടപ്പും രജനികാന്ത് സ്റ്റൈലിൽ !

കൊട്ടാരക്കര പള്ളിയ്ക്കൽ കൊച്ചുവിള വീട്ടിൽ എൻ.സതീഷിന് (45) രജനികാന്തിനോട് കടുത്ത ആരാധന തോന്നിയത് 1995ൽ ബാഷ സിനിമ കണ്ടതോടെയാണ്. പത്താംക്ളാസ് കഴിഞ്ഞ് കൂലിപ്പണിയ്ക്ക് പോകുന്ന വേളയിലാണ് കൊട്ടാരക്കരയിലെ തീയേറ്ററിൽ ബാഷ കണ്ടത്. അതോടെ കൂലിപ്പണി മതിയാക്കി ഓട്ടോ ഡ്രൈവറുടെ കുപ്പായമിട്ടു. ഹെയർ സ്റ്റൈലിൽ അടക്കം രജനികാന്തിനെ അനുകരിച്ചു. അതോടെ ഓട്ടോ സ്റ്റാൻഡിലും പേര് വീണു "ബാഷ ". രജിനികാന്തിന്റെ സിനിമകൾ റിലീസാകുന്ന ദിവസം സതീഷ് കണ്ടിരിക്കും. പഴയ ചിത്രങ്ങളൊക്കെ കാസറ്റിട്ട് കാണും. ഇപ്പോഴും ഒരു ദിവസം രജനികാന്തിന്റെ ഒരു സിനിമയെങ്കിലും കണ്ടില്ലെങ്കിൽ സതീഷിന് ഉറക്കം വരില്ല. തീരെ തരപ്പെടില്ലെങ്കിൽ രണ്ട് ഡയലോഗെങ്കിലും കേട്ടേ പറ്റൂ. ആരാധന കൂടിവരുന്നതിനൊപ്പം തന്റെ രൂപവും രജനികാന്തിന് സമാനമാകുന്നത് സതീഷ് തിരിച്ചറിഞ്ഞതോടെയാണ് സ്റ്റേജ് ഷോകളിൽ പങ്കെടുക്കാൻ തുടങ്ങിയത്. ഇരുന്നൂറിൽപ്പരം വേദികളിൽ രജനിയായി എത്തിക്കഴിഞ്ഞു. ആഗസ്റ്റിൽ ബംഗളുരുവിൽ സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. രജനി സിനിമകളുടെ പാട്ടിനൊപ്പം ചുവടുവച്ചാണ് ഇപ്പോൾ ആരാധകരെ കയ്യിലെടുക്കുന്നത്. സതീഷിന്റെ ഈ സ്റ്റൈൽ ഇഷ്ടപ്പെട്ടാണ് രജിത ജീവിത സഖിയായത്. ഇവരുടെ എക മകന്റെ പേര് രജനീഷ്. മകൻ പക്ഷെ, വിജയ് ആരാധകനാണ്!