കൊല്ലം: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടപ്പാതകളുടെ സുരക്ഷയ്‌ക്കായി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് കൈവരികൾ അജ്ഞാതർ മുറിച്ച് നീക്കുന്നു. മാസങ്ങൾക്ക് മുമ്പാണ് കന്റോൺമെന്റ് മൈതാനിക്ക് മുന്നിലെ കൈവരികളുടെ പകുതിയിലേറെ ഭാഗം മുറിച്ച് നീക്കിയത്. സമാനമായ തരത്തിലാണ് നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും കൈവരികൾ അറുത്ത് മാറ്റുന്നത്.
ഒടിഞ്ഞുവീണ തരത്തിൽ ഒരാഴ്ചയോളം നിരത്തിൽ കിടക്കുന്ന കൈവരികൾ പിന്നീട് അപ്രത്യക്ഷമാകുന്നതാണ് പതിവ്. സ്ഥാപനങ്ങളുടെ മുന്നിലെ കൈവരികളുടെ ഭാഗം ബോധപൂർവം മുറിച്ച് നീക്കുന്നതാണെന്ന ആക്ഷേപവുമുണ്ട്. പക്ഷേ നിലവാരമില്ലാത്ത നിർമ്മാണത്തിന്റെ ഭാഗമായി ഒടിഞ്ഞുപോയ കൈവരികളുണ്ടെന്നും നഗരത്തിലെ സ്ഥിരം കാൽനടയാത്രികർ പറയുന്നു. കാൽനടയാത്രികരുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച കൈവരികൾ നിരന്തരം നശിപ്പിക്കപ്പെടുമ്പോഴും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്നത് ശ്രദ്ധേയമാണ്.