കൊല്ലം: തമിഴ്നാട്ടിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ ഇരവിപുരം പൊലീസിന്റെ പിടിയിലായി. കൈതക്കോട് പവിത്രേശ്വരം പ്രസന്നവിലാസത്തിൽ അഖിൽകുമാർ(22), മുളവന കാഞ്ഞിരംകോട് പൂണാവിള വീട്ടിൽ രാഹുൽ(22), പേരയം, പടപ്പക്കര, ദിവ്യപ്രഭ വീട്ടിൽ ഷാരോൺ(18) എന്നിവരാണ് പിടിയിലായത്.
മൂന്ന് യുവാക്കൾ ട്രെയിനിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതായി ഇരവിപുരം സി.ഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് എസ്.ഐമാരായ ജ്യോതികുമാർ, എ.പി. അനീഷ്, എസ്.സി.പി.ഒ സജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിൽ മയ്യനാട് പണയിൽ ജംഗ്ഷനിൽ വച്ച് രാവിലെ 11 മണിയോടെയാണ് പ്രതികൾ വലയിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കൊല്ലത്തെ ചില്ലറ വില്പനക്കാർക്ക് കൈമാറാനായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ പിടിക്കപ്പെടുമെന്ന സംശയം ഉള്ളത് കൊണ്ടാണ് മയ്യനാട് ഇറങ്ങിയത്. പ്രതികൾ നേരത്തെയും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.