kevin
യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പിടിയിലായ രതിൻരാജും കെവിനും

കൊല്ലം: ഉത്സവ ഘോഷയാത്രയ്ക്കിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിലായി. ഡീസന്റ് മുക്ക് ആമയോട് സ്വദേശി വിഷ്ണുരാജിനെ കുത്തിയ കേസിൽ തൃക്കോവിൽവട്ടം വെറ്റിലത്താഴം ചരുവിള വീട്ടിൽ രതിൻരാജ് (23), തൃക്കോവിൽവട്ടം മുഖത്തല ലക്ഷ്മിഭവനിൽ കെവിൻ (23) എന്നിവരാണ് പിടിയിലായത്.

എപ്രിൽ 17ന് രാത്രി മുഖത്തലയിലായിരുന്നു സംഭവം. മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടയിൽ യുവാക്കൾ സ്ത്രീകളെ കളിയാക്കി. ഇത് ചോദ്യം ചെയ്ത വിഷ്ണുരാജിനെ പിന്നീട് ആയുധങ്ങളുമായെത്തി ഡീസന്റ് മുക്കിൽ വച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നെഞ്ചത്തും മുതുകത്തും കുത്തേറ്റ വിഷ്ണുരാജ് ഒരുമാസത്തോളം ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന യുവാക്കൾ കഴിഞ്ഞ ദിവസം മടങ്ങിയെത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.