അക്ഷരപ്പുരയ്ക്ക് പുനർജീവൻ നൽകിയത് കേരളകൗമുദി വാർത്ത
കൊട്ടാരക്കര: അവഗണനയുടെ പടുകുഴിയിൽ നിന്നും ഒരു വായനശാല ഉയിർത്തെഴുന്നേറ്റത് കേരളകൗമുദിയുടെ കരങ്ങളിലൂടെ! കേരളകൗമുദിയിൽ വന്ന വാർത്തയെ തുടർന്ന് നാല് വർഷം മുമ്പ് പുതുജീവൻ ലഭിച്ച പെരുംകുളം ബാപ്പുജി സ്മാരക വായനശാല ഇന്ന് കൊട്ടാരക്കര താലൂക്കിലെ മികച്ച ഗ്രന്ഥശാലയായി മാറിക്കഴിഞ്ഞു.
2015 ജൂൺ 19ന് വായനാ ദിനത്തിലാണ് 'ബാപ്പുജിയുടെ സ്മാരകം സ്വകാര്യ വ്യക്തിയുടെ പിന്നാമ്പുറത്ത് " എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്. കെട്ടിടനിർമ്മാണം മുടങ്ങിയതോടെ വായനശാലയിൽ ഉണ്ടായിരുന്ന പുസ്തകങ്ങൾ ചാക്കിൽകെട്ടി ഒരു വീടിന്റെ ചായ്പിൽ ഇട്ടിരുന്നു. ഇത് വാർത്തയായി പ്രസിദ്ധീകരിച്ചതോടെ നാടിന്റെ സാംസ്കാരിക ബോധമുണർന്നു. കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് രണ്ട് നിലകളുള്ള മനോഹരമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമായി. മൂന്നാം നിലയുടെ നിർമ്മാണവും തുടങ്ങി.
ഗ്രാമത്തിന്റെ വിവിധ കോണുകളിൽ പുസ്തകക്കൂടുകൾ സ്ഥാപിച്ചു. കർഷക, വനിതാ, ചലച്ചിത്ര, ബാലവേദി കൂട്ടായ്മകൾ രൂപീകരിച്ച് പ്രവർത്തനം വിപുലമാക്കി. സ്വന്തമായി മാസിക പുറത്തിറക്കുകയും സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുകയും ചെയ്തു. പെരുംകുളം ഗവ.വെൽഫെയർ എൽ.പി സ്കൂളിന്റെ വികസനം വായനശാല ഏറ്റെടുത്തു. സിവിൽ സർവീസ്, പി.എസ്.സി, കലാ പഠന ക്ളാസുകൾ തുടങ്ങി. നാടക പഠന കളരി നടത്തുകയും അതുവഴി ചെറു നാടകമൊരുക്കുകയും ചെയ്തു. ഓട്ടോ റിക്ഷകളിൽപ്പോലും പുസ്തകങ്ങൾ വച്ച് യാത്രക്കാർക്ക് വായനയ്ക്കുള്ള സംവിധാനങ്ങളൊരുക്കി.
പുസ്തക വായനയെ ജനകീയമാക്കുന്നതിൽ തീർത്തും വിജയിച്ചതോടെയാണ് അംഗീകാരങ്ങളും തേടിയെത്തിയത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തോളം പഴക്കമുള്ള വായനശാലയ്ക്ക് ഇനിയൊരു തിരിച്ചുവരവ് നാട് പ്രതീക്ഷിച്ചിരുന്നതല്ല. നാടിന്റെ സാംസ്കാരിക ബോധം ഉണർന്നു പ്രവർത്തിച്ചതാണ് വായനശാലയ്ക്ക് തിരിച്ചുവരവിന് നേർവഴിയൊരുങ്ങിയത്. പ്രവർത്തനങ്ങളിലെ മികവിന് അംഗീകാരങ്ങളും പലപ്പോഴും ലഭിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ വലിയ നേട്ടങ്ങളിലേക്ക് അടുക്കുകയാണ് വായനശാലയെന്ന് പ്രസിഡന്റ് പെരുംകുളം രാജീവും സെക്രട്ടറി ഡോ.വിജേഷ് പെരുംകുളവും അറിയിച്ചു.