കൊല്ലം: "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ?"- പതിനഞ്ചിൽപ്പരം ഭാഷകളിലായി ലോകമെങ്ങും ഈ കവിത ഇപ്പോഴും അലയടിക്കുകയാണ്. അഷ്ടമുടി കായലിന്റെ കുഞ്ഞോളങ്ങളെ തഴുകിക്കൊണ്ട് എഴുതിപ്പിടിപ്പിച്ച വരികൾക്ക് ഇപ്പോൾ ഇരുപത്തേഴാണ്ടിന്റെ പെരുമയുണ്ടെന്ന് അധികമാർക്കുമറിയില്ല. പരിസ്ഥിതി പ്രവർത്തനങ്ങളിലും സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടങ്ങളിലും നിത്യ സാന്നിദ്ധ്യമായി നിലനിൽക്കുമ്പോഴും ഒച്ചപ്പാടില്ലാതെ ഒതുങ്ങിക്കൂടാനാണ് കവിതയുടെ സ്രഷ്ടാവായ ഇഞ്ചക്കാട് ബാലചന്ദ്രന് താത്പര്യം.
1992ൽ ആണ് കവിതയുടെ പിറവി. മൂന്ന് പതിറ്റാണ്ടോട് അടുക്കുമ്പോഴും കവിതയ്ക്ക് പ്രാധാന്യം ഏറിവരികയാണ്. അഷ്ടമുടി കായലിന്റെ മാലിന്യ പ്രശ്നത്തിനെതിരെ യുവകലാസാഹിതി സംഘടിപ്പിച്ച 17 കിലോമീറ്റർ ദൂരമുള്ള കായൽ യാത്രയിലാണ് ബാലചന്ദ്രൻ ഈ കവിതയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ചത്. മൂന്നാംവരിയായ 'മലിനമായ ജലാശയം അതി മലിനമായാെരു ഭൂമിയും' എന്ന് എഴുതിയത് അഷ്ടമുടി കായലിനെ ഓർത്തുകൊണ്ടുതന്നെ. ബാലചന്ദ്രൻ ഈണം നൽകിയതോടെ ഗായക സംഘം അതേറ്റുപാടി. പി.കെ.ബാലചന്ദ്രൻ എന്നായിരുന്നു അക്കാലത്ത് കവി അറിയപ്പെട്ടിരുന്നത്. പിന്നീട് ആദിവാസികൾ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ നിൽപ്പ് സമരത്തിൽ രശ്മി സതീഷ് എന്ന ഗായിക ഈ കവിത മനോഹരമായി പാടിയതോടെയാണ് തരംഗമായത്. പിന്നെ വലിയ പ്രചാരം കിട്ടിയതോടെ നാടൻപാട്ടുകാരെല്ലാം കവിത ഏറ്റെടുത്തു.
ശാസ്താംകോട്ട ശൂരനാട് ഇഞ്ചക്കാട് വളഞ്ഞാംപുറത്ത് പാച്ചൻ- കുഞ്ഞമ്മ ദമ്പതികളുടെ മകനായ പി.കെ.ബാലചന്ദ്രൻ ഇഞ്ചക്കാട് ബാലചന്ദ്രനായി മാറിയതും ഈ കവിത ഹിറ്റ് ആയതോടെയാണ്. സ്റ്റാറ്റിറ്റിക്സ് വകുപ്പിൽ നിന്നും വിരമിച്ച ശേഷം കവിതയെഴുത്തിലും പരിസ്ഥിതി പ്രവർത്തനങ്ങളിലും കൂടുതൽ സജീവമായ ഇഞ്ചക്കാട് ബാലചന്ദ്രൻ രണ്ട് സിനിമകളും കഥയെഴുതി സംവിധാനം ചെയ്തു. സിനിമാ ഗാനങ്ങളുമെഴുതി ഹിറ്റാക്കിയിട്ടുണ്ട്. അക്ഷരങ്ങളും മണ്ണും മനസ്സും പ്രകൃതിയും ചേർന്നുകിടക്കുന്നതിനാൽ ഇനിയും ഒരുപാട് എഴുതാനുണ്ടെന്നാണ് ബാലചന്ദ്രൻ പറയുന്നത്. അടുത്തിടെ ഇറങ്ങിയ 'അമ്മേ അച്ഛാ അടുക്കള പൂട്ടല്ലേ' എന്ന ആൽബവും ഹിറ്റായി. അറിയപ്പെടുന്നതും അല്ലാത്തവരുമായ എഴുത്തുകാരുടെ രചനകൾക്ക് കൂടുതൽ വായനക്കാരെ സൃഷ്ടിക്കാൻ സജ്ജന സാംസ്കാരിക സംഗമം എന്ന പേരിൽ വായനാനുഭവം പങ്കിടൽ പരിപാടിക്ക് തുടക്കമിട്ടു. അടുത്ത മാസം ആലപ്പുഴയിലാണ് ഈ പരിപാടി നടക്കുന്നത്. വീണ്ടുമൊരു വായനാദിനമെത്തുമ്പോൾ
അക്ഷരങ്ങളെ കൂട്ടുപിടിച്ച് പുതിയ പോരാട്ടത്തിന് കോപ്പുകൂട്ടുകയാണ് ഇഞ്ചക്കാട് ബാലചന്ദ്രൻ.