ochu
ആഫ്രിക്കൻ ഒച്ച്

ചാത്തന്നൂർ: ഇത്തിക്കരയാറ്റിനോട് ചേർന്നുകിടക്കുന്ന മരക്കുളം ഇടനാട് പ്രദേശങ്ങളിൽ ജനജീവിതം ദുസഹമാക്കി ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. മഴക്കാലമായതോടെ പ്രദേശത്ത് ഒച്ചുകളുടെ എണ്ണം പെരുകുകയാണ്. വീടുകളിലും കിണറുകളിലും ഇവ വൻതോതിൽ എത്തിച്ചേരുന്നത് മൂലം ജനങ്ങൾ ഭീതിയിലാണ്.

ഒച്ചുകളുടെ ശല്യം മൂലം ആഹാരം പാചകം ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. ആഹാരസാധനങ്ങളിലും വസ്ത്രങ്ങളിലും ഒച്ചുകൾ പറ്റിപ്പിടിച്ചിരിക്കുകയാണ്. കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ കുഞ്ഞുങ്ങളുടെ ദേഹത്തു പോലും ഒച്ചുകൾ കയറി കൂടുന്നു. ത്വക്ക് രോഗവും മറ്റ് മാരക രോഗങ്ങളും ഉണ്ടാകാൻ ഇവ കാരണമാകുമെന്ന പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ. പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

 ആഫ്രിക്കൻ ഒച്ച് എന്ന അപകടകാരി

രാക്ഷസ ഒച്ച്,​ ആഫ്രിക്കൻ ഭീമൻ ഒച്ച് എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ച് (അക്കാറ്റിന ഫുലിക്ക) 1970കളിൽ കേരളത്തിൽ പാലക്കാടാണ് ആദ്യമായി കാണപ്പെട്ടത്. സസ്യങ്ങളുടെ ഏത് ഭാഗവും കടിച്ചു വിഴുങ്ങി ജീവിക്കുന്ന ഇവ മണൽ, എല്ല്,​ കോൺക്രീറ്റ് എന്നിവ വരെ ഭക്ഷിക്കാറുണ്ട്. ഇവയുടെ ആക്രമണം മൂലം ചെടികൾ നശിക്കും.

ഇവ ഉത്പാദിപ്പിക്കുന്ന ചെറുവിരകൾ മനുഷ്യരിൽ മസ്തിഷ്കജ്വരത്തിന് കാരണമാകുമെന്ന് സംശയിക്കുന്നുണ്ട്. കൂടാതെ മനുഷ്യരിൽ 'ഇ ഓസിനോ ഫിലിക് മെനിൻജൈറ്റിസ്' എന്ന രോഗം ഉണ്ടാക്കുന്ന എലികളുടെ ശ്വാസകോശങ്ങളിൽ ജീവിക്കുന്ന വിരകളുടെ ഇടക്കാല അതിഥിയും ആഫ്രിക്കൻ ഒച്ചുകളാണ്. പ്രതികൂലാവസ്ഥയിൽ മൂന്ന് വർഷം വരെ തോടിനുള്ളിൽ സമാധി ഇരിക്കാൻ കഴിവുള്ള ഇവയെ നശിപ്പിക്കുന്നത് അത്ര എളുപ്പമല്ല.

 സൂക്ഷ്മതയോടെ നശിപ്പിക്കാം

കറിയുപ്പ് വിതറുകയോ തീറ്റവിഷമായി മീഥൈൽഡീഹൈഡ് രാസവസ്തുവോ ഉപയോഗിച്ചാൽ ഇവ കൊല്ലപ്പെടും. അതേസമയം ഇവയുടെ ഉപയോഗം കരയിലും വെള്ളത്തിലുമുള്ള മറ്റ് ജീവികൾക്ക് ഹാനികരമാണ്. അമിതമായ കറിയുപ്പിന്റെ ഉപയോഗം മണ്ണിന്റെ രാസഘടനയിൽ മാറ്റമുണ്ടാക്കി മണ്ണിനെ കൃഷിക്ക് യോജിച്ചതല്ലാതാക്കി തീർക്കുമെന്നും മുന്നറിയിപ്പുണ്ട്.

കയ്യുറ ഉപയോഗിച്ച് ശേഖരിക്കുന്ന ഇവയെ പുകയിലക്കഷായം,​ തുരിശ് ലായനി എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചാണ് നശിപ്പിക്കേണ്ടത്. കാബേജിൽ തീറ്റ വിഷം വെക്കുകയുമാകാം.