kalunk
കോട്ടാത്തല കിടങ്ങിൽ ഭാഗത്തെ തകർച്ചയിലായ കലുങ്ക്

കൊട്ടാരക്കര: കൊട്ടാരക്കര-പുത്തൂർ റോഡിൽ കോട്ടാത്തല കിടങ്ങിൽ ഭാഗത്തെ തകർന്ന കലുങ്ക് പുനർനിർമ്മിക്കാൻ ഇനിയും നടപടിയില്ല. കലുങ്ക് സ്ഥിതിചെയ്യുന്ന പത്തടി തോടിന്റെ സംരക്ഷണ ഭിത്തികളും ഇടിഞ്ഞുവീഴുകയാണ്. പണയിൽ ജംഗ്ഷനും പത്തടിയ്ക്കും ഇടയിൽ കിടങ്ങിൽ ഭാഗത്ത് നിന്ന് മാവിള വഴി വല്ലത്തേക്കുള്ള പോകുന്ന റോഡിന്റെ തുടക്കത്തിലാണ് അപകടാവസ്ഥയിലായ കലുങ്കുള്ളത്. ഇരുവശത്തും കൽക്കെട്ടുകൾ തകർന്നതിനാൽ കലുങ്ക് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.

ശാസ്താംകോട്ട- കൊട്ടാരക്കര-നീലേശ്വരം- കോടതി സമുച്ചയം റോഡിന്റെ നിർമ്മാണ ജോലികൾ ഇപ്പോൾ നടന്നുവരികയാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തി 20.80 കോടി രൂപ ചെലവിലാണ് നിർമ്മാണം. ഈ റോഡുമായി ചേരുന്ന ഭാഗത്തെ കലുങ്ക് ആയതിനാൽ റോഡിന്റെ നിർമ്മാണത്തിനൊപ്പം കലുങ്കിന്റെ നവീകരണവും ഉൾപ്പെടുത്താമായിരുന്നു. എന്നാൽ ഇതിന് അധികൃതർ തയാറായില്ല. തോടിന്റെ സംരക്ഷണ ഭിത്തികൾ ഇടിഞ്ഞത് ഇപ്പോഴാണ്. റോഡ് നിർമ്മാണത്തിനായി റോഡ് റോളർ എത്തിച്ചപ്പോൾ കൽക്കെട്ടുകൾക്ക് ബലക്ഷയം ഉണ്ടായതാണ് ഇതിന് കാരണം.

കലുങ്ക് പൊളിഞ്ഞാൽ ഇതുവഴിയുള്ള ഗതാഗതം താറുമാറാകും. സ്കൂൾ ബസുകളും ലോറികളുമൊക്കെ കടന്നുപോകുന്ന റോഡാണിത്. വല്ലത്ത് കരിങ്കൽ ക്വാറികൾ പ്രവർത്തിച്ചിരുന്നപ്പോൾ ലോറികൾ കടന്നുപോയിരുന്നതും ഇതുവഴിയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കലുങ്ക് തകർന്നാൽ വലിയ അപകടമാകും സംഭവിക്കുക. അതിനാൽ അടിയന്തരമായി കലുങ്ക് പൊളിച്ച് പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.