പാരിപ്പള്ളി: പാരിപ്പള്ളി മെഡിക്കൽ കോളേജിലെ തകരാറിലായ ലിഫ്റ്റുകൾ പ്രവർത്തനക്ഷമമാക്കാത്തതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ സൂപ്രണ്ടിനെ ഉപരോധിച്ചു. മുപ്പതോളം ലിഫ്റ്റുകൾ ഉള്ളതിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. വൃദ്ധരും ഗർഭിണികളുമടക്കം നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയുടെ ദയനീയാവസ്ഥ രോഗികൾ പലതവണ സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. സൂപ്രണ്ട് ശരവണകുമാർ, ആർ.എം.ഒ ഹബീബ് എന്നിവരുമായി നടന്ന ചർച്ചയിൽ ഒരാഴ്ചക്കുള്ളിൽ ലിഫ്റ്റുകൾ നന്നാക്കാമെന്നും ആശുപത്രി പരിസരത്ത് നിന്ന് റോഡിലേക്ക് വീഴുന്ന മലിനജലത്തിന്റെ കാര്യത്തിൽ നടപടി എടുക്കാമെന്നുമുള്ള ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്. ഉപരോധത്തിന് എ.ഐ.വൈ.എഫ് ഭാരവാഹികളായ ശ്രീലക്ഷ്മി, നോബൽ ബാബു, ബിനു, ബിജിൻ, സജീവ്, ലിനു, ജയകുമാർ, രതീഷ്, സജികുമാർ എന്നിവർ നേതൃത്വം നൽകി.