ഒരു മാസത്തിനുള്ളിൽ കരാറൊപ്പിടും
കൊല്ലം: പോളയത്തോട് റെയിൽവേ ക്രോസിന് കുറുകെ മേല്പാലമെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നു. പാലം നിർമ്മാണത്തിനുള്ള കരാർ റെയിൽവേയും സംസ്ഥാന സർക്കാരും തമ്മിലും സംസ്ഥാന സർക്കാരും കേരളാ റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനും (കെ.ആർ.ഡി.സി.എൽ) തമ്മിലും ഒരുമാസത്തിനുള്ളിൽ ഒപ്പിടും.
സംസ്ഥാനത്തെ റെയിൽവേ വികസനത്തിനുള്ള സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായ കെ.ആർ.ഡി.സി.എല്ലിനാണ് പാലത്തിന്റെ നിർമ്മാണ ചുമതല. കെ.ആർ.ഡി.സി.എൽ പുതിയ പാലത്തിന്റെ രൂപരേഖ ഒരുമാസത്തിന് മുമ്പ് ദക്ഷിണ റെയിൽവേ അധികൃതർക്ക് സമർപ്പിച്ചിരുന്നു. സ്ഥലം സന്ദർശിച്ച ശേഷം റെയിൽവേ ഉടൻ രൂപരേഖയ്‌ക്ക് അംഗീകാരം നൽകും. ഇതിന് ശേഷമാകും കരാർ ഒപ്പിടുക.
കരാർ ഒപ്പിട്ടാൽ ഉടൻ തന്നെ സ്ഥലമേറ്റെടുക്കൽ നടപടികളിലേക്ക് കടക്കും. ഇരുവശങ്ങളിലേക്കുമുള്ള അപ്രോച്ച് റോഡ് സഹിതം 400 മീറ്ററാണ് മേല്പാലത്തിന്റെ നീളം. ഒരുവശത്ത് 1.5 മീറ്റർ വീതിയിൽ നടപ്പാത സഹിതം 10.5 മീറ്റർ ആണ് ആകെ വീതി. പാലത്തിനടിയിൽ സർവീസ് റോഡും വീതികൂട്ടി നിർമ്മിക്കും.
പുതിയ മേല്പാലം വരുന്നത് പോളയത്തോട് നിവാസികൾക്ക് പുറമെ പള്ളിമുക്ക് മുതൽ എസ്.എൻ കോളേജ് ജംഗ്ഷൻ വരെ റെയിൽവേ ഗേറ്റിന് അപ്പുറം താമസിക്കുന്ന പതിനായിരങ്ങൾക്കും ഗുണം ചെയ്യും. ട്രെയിനുകൾ കടന്നുപോകുമ്പോൾ പോളയത്തോട് ഗേറ്റിന് ഇരുവശവും വാഹനങ്ങളുടെ നീണ്ടനിര പതിവാണ്. അത്യാസന്ന നിലയിലുള്ളവരെ ആശുപത്രിയിലെത്തിക്കാൻ കിലോ മീറ്രറുകളോളം ഇടറോഡിലൂടെ ചുറ്റിക്കറങ്ങിയാലേ ദേശീയപാതയിൽ എത്താനാകൂ.
പോളയത്തോട് മേല്പാലം
400 മീറ്റർ നീളം (അപ്രോച്ച് റോഡ് സഹിതം)
10.5 മീറ്റർ വീതി
1.5 മീറ്റർ വീതിയിൽ ഒരുവശത്ത് നടപ്പാത
പാലത്തിനടിയിൽ സർവീസ് റോഡ്
ചെലവ് 30 കോടി രൂപ
30 കോടി രൂപയാണ് പാലം നിർമ്മാണത്തിനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക സംസ്ഥാന സർക്കാരും റെയിൽവേയും തുല്യമായി വഹിക്കും. സ്ഥലമേറ്റെടുക്കാനുള്ള ചെലവ് പൂർണമായും സംസ്ഥാന സർക്കാരാണ് വഹിക്കുക.