സംഘത്തിൽ പ്രായപൂർത്തിയാവാത്ത രണ്ടുപേർ
കൊല്ലം: മോഷ്ടിച്ച ബൈക്കുകളിൽ സഞ്ചരിച്ച് വഴിയിൽ കാണുന്നവരുടെ മൊബൈൽ ഫോണുകളും പണവും പിടിച്ചുപറിക്കുന്ന അഞ്ചംഗ സംഘം അറസ്റ്റിലായി. പ്രായപൂർത്തിയാവാത്ത രണ്ടുപേരും സംഘത്തിലുണ്ട്.
പള്ളിമുക്ക് അൽത്താഫ് മൻസിലിൽ അസ്ഹറുദ്ദീൻ (18), മേവറം പടനിലം നെഹ്‌റുനഗറിൽ അസ്‌ലാം (18), പള്ളിമുക്ക് പഴയാറ്റിൻകുഴി കുരിട്ടഴികം വീട്ടിൽ നൗഫൽ (18), എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നുപേർ. കൊല്ലം ഈസ്റ്റ് പൊലീസാണ് ഇവരെ പിടികൂടിയത്.
ഒരാഴ്ച മുൻപ് ചിന്നക്കട മെയിൻ റോഡിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിന്റെ മൊബൈൽ ഫോൺ ബൈക്കിലെത്തിയ രണ്ടു പേർ തട്ടിയെടുത്തിരുന്നു. ഇതിന്റെ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. ചിന്നക്കടയിലെ സുരക്ഷാ കാമറകളിൽ ബൈക്കിന്റെ നമ്പരും മോഷ്ടാക്കളിൽ ഒരാളുടെ മുഖവും വ്യക്തമായി പതിഞ്ഞിരുന്നു. അമ്പലപ്പുഴയിൽ നിന്ന് മോഷണം പോയ ബൈക്കാണ് ഇവർ ഉപയോഗിച്ചതെന്ന് ബോദ്ധ്യമായതോടെ കൊല്ലം എ.സി.പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപകമാക്കി.
തിരുവനന്തപുരം ജില്ലയിലെ മംഗലപുരം, കാഞ്ഞിരംകുളം, ആലപ്പുഴ ജില്ലയിലെ കരിയിലകുളങ്ങര, അമ്പലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് ഈ സംഘം ബൈക്കുകൾ കവർന്നിട്ടുണ്ട്. മൂന്ന് ഇരുചക്രവാഹനങ്ങളും മൂന്ന് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
ഈസ്റ്റ് സി.ഐ രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ബിജു, ഷാഡോ എസ്.ഐ ഗോപകുമാർ, ഷാഡോ വിഭാഗത്തിലെ അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ആഡംബര ജീവിതത്തിന് മോഷണം
കടകളിൽ സഹായിയായി നിൽക്കുന്ന പ്രായപൂർത്തിയാവാത്ത ആൾ ജോലി കഴിഞ്ഞ് സംഘത്തിലെ മറ്റുള്ളവരുമായി ബൈക്കിൽ കറങ്ങും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇരിക്കുന്ന ബൈക്കുകൾ കണ്ടാൽ മോഷ്ടിച്ച് സ്ഥലം വിടും. കെ.എസ്.ആർ.ടി.സി ബസുകളിൽ ദൂരെ സ്ഥലങ്ങളിലെത്തി ബൈക്കുകൾ മോഷ്ടിക്കാറുണ്ട്. നമ്പർ പ്ലേറ്റ് മാറ്റിയ മോഷണ ബൈക്കുകളിൽ സഞ്ചരിച്ച് അയൽ സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണും പണവും കവരുന്നതായിരുന്നു രീതി. ആഡംബര ജീവിതത്തിന് വേണ്ടിയാണ് മോഷണം ആരംഭിച്ചത്. കുറച്ചുനാൾ ഉപയോഗിച്ചശേഷം മോഷണ ബൈക്കുകൾ ഉപേക്ഷിക്കും.