പത്തനാപുരം: പത്തനാപുരത്തെ കാർഷിക മേഖലയ്ക്ക് ഭീഷണിയായി ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിദ്ധ്യം. തലവൂർ, കമുകുംചേരി, പത്തനാപുരം, മഞ്ചള്ളൂർ, നടുക്കുന്ന് മേഖലകളാണ് ഒച്ചുകളുടെ ശല്യത്തിൽ വലയുന്നത്. കാർഷിക വിളകളെ കാർന്നുതിന്നുന്ന ഇവ രോഗങ്ങളും പരത്തുന്നതോടെ ജനങ്ങൾ ഭീതിയിലാണ്. വിളക്കുടി, മേലില, വെട്ടിക്കവല പഞ്ചായത്തുകളിലെ അതിർത്തി ഗ്രാമങ്ങളെല്ലാം ഒച്ചുകളുടെ പിടിയിലാണ്. രണ്ടുവർഷം മുമ്പാണ് കമുകംചേരി മേഖലയിൽ ഒച്ചുകളുടെ സാന്നിദ്ധ്യം കണ്ടുതുടങ്ങിയത്. സസ്യങ്ങളെ പൂർണ്ണമായും നശിപ്പിക്കുന്ന ഇവയ്ക്ക് റബ്ബറിന്റെ പാൽ വരെ ഊറ്റിയെടുക്കാൻ കഴിവുണ്ട്. പല കാർഷിക വിളകളും ഒച്ചുകളുടെ ആക്രമണത്തിൽ കരിഞ്ഞുണങ്ങിത്തുടങ്ങി. വിളകളുടെ ചുവട്ടിൽ ഉപ്പ് വിതറിയാണ് പലരും ഇവയെ തുരത്തുന്നത്.
വിളക്കുടി പഞ്ചായത്തിൽ കഴിഞ്ഞ വർഷം കൃഷി, മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായി ഒച്ച് നശീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കർഷകർക്ക് ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കുന്നതിനുള്ള ജൈവ മിശ്രിതത്തിന്റെ നിർമ്മാണം, തുരിശും പുകയിലയും ചേർന്നുള്ള കീടനിയന്ത്രണ സംവിധാനം എന്നിവയിൽ പരീശിലനവും നൽകി. എന്നാൽ ഇവയൊന്നും ഫലപ്രദമായില്ലെന്നാണ് നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നത്. വേനൽക്കാലത്ത് മണ്ണിനടിയിലിരിക്കുന്ന ആഫ്രിക്കൻ ഒച്ചുകൾ മഴക്കാലത്താണ് മുകളിലെത്തുക. ഇവയിലൂടെ മനുഷ്യന് ത്വക്ക് രോഗങ്ങളടക്കം ഉണ്ടാകുന്നുണ്ട്. രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പും ഗൗനിക്കുന്നില്ലന്നും ആക്ഷേപമുണ്ട്.
ആഫ്രിക്കൻ ഒച്ചെന്ന അപകടകാരി
രാക്ഷസ ഒച്ച്, ആഫ്രിക്കൻ ഭീമൻ ഒച്ച് എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ച് (അക്കാറ്റിന ഫുലിക്ക) 1970കളിൽ കേരളത്തിൽ പാലക്കാടാണ് ആദ്യമായി കാണപ്പെട്ടത്. സസ്യങ്ങളുടെ ഏത് ഭാഗവും കടിച്ചു വിഴുങ്ങി ജീവിക്കുന്ന ഇവ മണൽ, എല്ല്, കോൺക്രീറ്റ് എന്നിവ വരെ ഭക്ഷിക്കാറുണ്ട്. ഇവയുടെ ആക്രമണം മൂലം ചെടികൾ നശിക്കും.
ഇവ ഉത്പാദിപ്പിക്കുന്ന ചെറുവിരകൾ മനുഷ്യരിൽ മസ്തിഷ്കജ്വരത്തിന് കാരണമാകുമെന്ന് സംശയിക്കുന്നുണ്ട്. കൂടാതെ മനുഷ്യരിൽ 'ഇ ഓസിനോ ഫിലിക് മെനിൻജൈറ്റിസ്' എന്ന രോഗം ഉണ്ടാക്കുന്ന എലികളുടെ ശ്വാസകോശങ്ങളിൽ ജീവിക്കുന്ന വിരകളുടെ ഇടക്കാല അതിഥിയും ആഫ്രിക്കൻ ഒച്ചുകളാണ്. പ്രതികൂലാവസ്ഥയിൽ മൂന്ന് വർഷം വരെ തോടിനുള്ളിൽ സമാധി ഇരിക്കാൻ കഴിവുള്ള ഇവയെ നശിപ്പിക്കുന്നത് അത്ര എളുപ്പമല്ല.
സൂക്ഷ്മതയോടെ നശിപ്പിക്കാം
കറിയുപ്പ് വിതറുകയോ തീറ്റവിഷമായി മീഥൈൽ ഡീഹൈഡ് രാസവസ്തുവോ ഉപയോഗിച്ചാലോ ഇവ കൊല്ലപ്പെടും. അതേസമയം ഇവയുടെ ഉപയോഗം കരയിലും വെള്ളത്തിലുമുള്ള മറ്റ് ജീവികൾക്ക് ഹാനികരമാണ്. അമിതമായ കറിയുപ്പിന്റെ ഉപയോഗം മണ്ണിന്റെ രാസഘടനയിൽ മാറ്റമുണ്ടാക്കി മണ്ണിനെ കൃഷിക്ക് യോജിച്ചതല്ലാതാക്കി തീർക്കുമെന്നും മുന്നറിയിപ്പുണ്ട്. കയ്യുറ ഉപയോഗിച്ച് ശേഖരിക്കുന്ന ഇവയെ പുകയിലക്കഷായം, തുരിശ് ലായനി എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചാണ് നശിപ്പിക്കേണ്ടത്. കാബേജിൽ തീറ്റ വിഷം വയ്ക്കുകയുമാകാം.
വിളക്കുടി, മേലില, വെട്ടിക്കവല പഞ്ചായത്തുകൾ ആഫ്രിക്കൻ ഒച്ചുകളുടെ ഭീഷണിയുടെ നടുവിലാണ്. കർഷകരാണ് ഇവയുടെ ആക്രമണത്തിൽ പൊറുതിമുട്ടുന്നത്. വിവിധ രോഗങ്ങളും പടരുന്നുണ്ട്. ഒച്ചുകളുടെ ശല്യം ഒഴിവാക്കുന്നതിന് അടിയന്തര നടപടി വേണം.
സുജി കമുകുംചേരി, പൊതുപ്രവർത്തകൻ.
ആഫ്രിക്കൻ ഒച്ചുകൾ ത്വക്ക് രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകണം. കാർഷികവിളകളുടെ സംരക്ഷണത്തിന് ഒച്ചുകളെ തുരത്തണം. ഇതിനുള്ള നടപടി സ്വീകരിക്കണം.
കമുകുംചേരി ജി. സുരേഷ് ബാബു, പ്രതികരണ വേദി പ്രസിഡന്റ്