കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി
മീറ്റർ ഗേജ് ആയിരുന്നപ്പോഴുള്ള ട്രെയിനുകളും ഇപ്പോൾ ഇല്ല
പുനലൂർ: ഗേജുമാറ്റ ജോലികൾ പൂർത്തിയാക്കിയ പുനലൂർ - ചെങ്കോട്ട റെയിൽ പാതയിലൂടെ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇടമൺ അടക്കമുള്ള കിഴക്കൻ മേഖലയിലെ റെയിൽവേ സ്റ്റേഷനുകളോട് കടുത്ത അവഗണനയാണെന്നാണ് യാത്രക്കാരുടെ പരാതി. ഇടമൺ, പുനലൂർ, തെന്മല, ഒറ്റക്കൽ അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതടക്കം നൂതനമായ പദ്ധതികൾ നടപ്പാക്കുമെന്ന് നേരത്തേ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ല.
ഒരു ഡസനിൽ അധികം ട്രെയിൻ സർവീസുകൾ ഇത് വഴി ആരംഭിക്കുമെന്നായിരുന്നു ഗേജുമാറ്റ ജോലികൾ പൂർത്തിയാക്കിയ ശേഷമുള്ള പ്രഖ്യാപനം. ഇപ്പോൾ പാലരുവി എക്സ്‌പ്രസ് അടക്കം മൂന്ന് ട്രെയിനുകളാണ് പുനലൂർ - ചെങ്കോട്ട റൂട്ടിൽ സർവീസ് നടത്തുന്നത്. ഇത് വഴിയുണ്ടായിരുന്ന പഴയ മീറ്റർ ഗേജു പാത പുതിയ ബ്രോഡ്ഗേജ് പാതയാക്കി മാറ്റിയെങ്കിലും യാത്രക്കാർക്ക് അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ്. കിഴക്കൻ മലയോര മേഖലയിലെ വിദ്യാർത്ഥികൾക്കും കച്ചവടക്കാർക്കും ഏറെ ഉപയോഗപ്രദമായിരുന്ന മീറ്റർ ഗേജു പാതയിലൂടെ ഓടിക്കൊണ്ടിരുന്ന പഴയ ട്രെയിൻ സർവീസുകൾ പോലും പുനരാരംഭിക്കാൻ അധികൃതർ തയ്യാറാകാത്തത് ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പാർക്കിംഗ് സൗകര്യമില്ല
ഇടമൺ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം പോലും ഇതുവരെ ഒരുക്കിയിട്ടില്ല. അതിനാൽ സ്റ്റേഷന് മുന്നിലാണ് ഇരുചക്രവാഹനങ്ങൾ അടക്കമുള്ളവ പാർക്ക് ചെയ്യുന്നത്. ഇത് വഴി കൂടുതൽ ട്രെയിൻ സർവീസുകളില്ലാത്തതിനാലാണ് റെയിൽവേ സ്റ്റേഷനുകളോട് അധികൃതർ അവഗണന കാണിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.