shastham-kotta
ഞെങ്ങി ഞെരുങ്ങി മൈനാഗപ്പള്ളി

ശാസ്താംകോട്ട: വീതി കുറഞ്ഞ റോഡും റോഡിനോട് ചേർന്നുള്ള കടകളും മൂലം മൈനാഗപ്പള്ളി ജംഗ്ഷൻ ഗതാഗതക്കുരുക്കിൽ വലയുന്നു. സ്കൂൾ കൂടി തുറന്നതോടെ രാവിലെയും വൈകിട്ടും മൈനാഗപ്പള്ളിയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. നൂറു കണക്കിന് വിദ്യാർത്ഥികളും പ്രദേശത്തുള്ള കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളികളും കാൽനടയാത്രക്കാരും ഗതാഗതക്കുരുക്കിൽ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് പ്രധാന റോഡിന്റെ വശങ്ങളിൽ അതിർത്തി നിർണയിച്ച് കല്ലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡിന് പല സ്ഥലങ്ങളിലും വീതി വളരെ കുറവാണ്.

വീതി കുറഞ്ഞ റോഡിൽ ഒാട

കടപ്പ എൽ.വി.എച്ച്.എസിന്റെ മുന്നിലാണ് ഗതാഗതക്കുരുക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്. കഷ്ടിച്ച് 7 മീറ്റർ വീതിയുള്ള റോഡിൽ സ്കൂളിന് മുന്നിലായി രണ്ട് മീറ്ററോളം വീതിയിൽ ഓടയ്ക്കായി കുഴിച്ചിട്ടിരിക്കുകയാണ്. വീതി കുറഞ്ഞ ഭാഗത്ത് രണ്ട് മീറ്റർ വീതിയിൽ ഓട നിർമ്മിക്കുന്നത് പ്രായോഗികമല്ലെന്ന ആക്ഷേപം നിലവിലുണ്ട്. റോഡിന്റെ മറുവശത്ത് തന്നെയാണ് ഓട്ടോസ്റ്റാന്റും സ്ഥിതി ചെയ്യുന്നത്.

മൈനാഗപ്പള്ളി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതിന് പരിഹാരം കാണണമെങ്കിൽ റോഡിന്റെ വശങ്ങളിൽ വീതി കൂട്ടുകയും പ്രധാന പാതയിൽ നിന്ന് ഓട്ടോ സ്റ്റാന്റ് മാറ്റികയുമാണ് വേണ്ടത്.

പ്രദേശവാസികൾ

റെയിൽവേ ഗേറ്റ്

മൈനാഗപ്പള്ളിയിൽ നിന്ന് തേവലക്കരയിലേക്കും മണ്ണൂർക്കാവിലേക്കും പോകുന്ന റൂട്ടുകളിലുള്ള 2 റയിൽവേ ഗേറ്റുകളും കരുനാഗപ്പള്ളിയിലേക്ക് പോകുന്ന പ്രധാന പാതയിലുള്ള ഒരു റെയിൽവേ ഗേറ്റും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രക്കിടെ റെയിൽവേ ഗേറ്റ് അടവിൽ സമയം നഷ്ടപ്പെടുന്ന ബസുകൾ നടത്തുന്ന മത്സരയോട്ടവും അപകടകരമാണ്. മൂന്നു റെയിൽവേ ഗേറ്റിലും വാഹനങ്ങൾ പിടിച്ചിട്ട ശേഷം തുറന്ന് വിടുമ്പോൾ ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വർദ്ധിക്കും.