കൊല്ലം: മലയാളികളുടെ വായനാശീലത്തിന് നങ്കൂരമിടാൻ പാകത്തിൽ കേരളത്തെ പരുവപ്പെടുത്താനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയാണ് പൊതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ എന്ന് കവി പെരുമ്പുഴ ഗോപാലകൃഷ്ണൻ പറഞ്ഞു. പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്‌കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച നടന്ന പി.എൻ. പണിക്കർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്മയെ സ്‌നേഹിക്കുന്നതുപോലെ മലയാള ഭാഷയെ സ്‌നേഹിക്കാൻ കുട്ടികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം കൊല്ലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.എസ്. ശശികുമാറും ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം കൊല്ലം ബി.പി.ഒ എ. ജോസഫും നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് ജി. സിന്ദിർലാൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിൽ പ്രേം ഉഷാർ സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ സ്വാഗതവും വിദ്യാരംഗം കൺവീനർ ജോഫ്രീനാ ജോർജ് നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ നാടൻപാട്ട്, വായനാ കുറിപ്പവതരണം, പുസ്തക വായന, കവിതാലാപനം എന്നിവ അവതരിപ്പിച്ചു.