fire

വിശദ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചു

കൊല്ലം: അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ജില്ലയിലെ 80 ബഹുനില മന്ദിരങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഗ്നിശമന സേന ജില്ലാ കളക്‌ടർക്ക് റിപ്പോർട്ട് നൽകി. ബഹുനില മന്ദിരങ്ങളുടെ വിശദമായ വിവരങ്ങളടങ്ങുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് കളക്ടർക്ക് കൈമാറിയത്. നിയമം പാലിക്കാത്ത കെട്ടിടങ്ങളിൽ അഗ്നി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി അഗ്നിശമന സേനയുടെ നിരാക്ഷേപ പത്രം (എൻ.ഒ.സി) വാങ്ങണം.

സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താതെ കുറ്റകരമായ അനാസ്ഥ തുടർന്നാൽ ബഹുനില കെട്ടിടങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ നൽകിയിരിക്കുന്ന ലൈസൻസ് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് അനുസരിച്ച് റദ്ദാക്കും. ജനങ്ങളുടെ സുരക്ഷ അവഗണിച്ച് നിയമലംഘനം നടത്തുന്ന കെട്ടിടങ്ങൾ ഏതൊക്കെയാണെന്ന് അതാത് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരെ ജില്ലാ ഭരണകൂടം അറിയിക്കും. ഒരു മാസത്തിനുള്ളിൽ അവർ അഗ്നിശമന സേനയുടെ നിരാക്ഷേപ പത്രം സമർപ്പിച്ചില്ലെങ്കിൽ നടപടി എടുക്കേണ്ട ബാദ്ധ്യത തദ്ദേശ സ്ഥാപനങ്ങൾക്കാണ്. ജില്ലയിൽ 400 ലേറെ ബഹുനില കെട്ടിടങ്ങൾ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് അഗ്നിശമന സേനയുടെ കണ്ടെത്തൽ. ഗുരുതരമായ സുരക്ഷാ വീഴ്ചകളുള്ള 80 കെട്ടിടങ്ങളുടെ പട്ടികയാണ് ആദ്യ ഘട്ടത്തിൽ കൈമാറിയത്. കൂടുതൽ കെട്ടിടങ്ങൾ കൊല്ലം നഗരസഭാ പരിധിയിലാണ്. ശേഷിക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങളും വൈകാതെ കളക്ടർക്ക് കൈമാറും.

നൂറിലേറെ പെട്രോൾ പമ്പുകളിൽ

അഗ്നി സുരക്ഷാ സംവിധാനമില്ല

മാസങ്ങൾക്ക് മുമ്പ് കാവനാട്ടെ പെട്രോൾ പമ്പിലുണ്ടായ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ പെട്രോൾ പമ്പുകളിലും അഗ്നി സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നൂറിലേറെ പെട്രോൾ പമ്പുകൾ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടില്ലെന്ന് അഗ്നിശമനസേന കണ്ടെത്തി. ഇവരുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് ഇന്നലെ കളകട്ർക്ക് അഗ്നിശമന സേന സമർപ്പിച്ചിട്ടുണ്ട്. സുരക്ഷാ സംവിധാനം ഏർപ്പെടുത്തി നിരാക്ഷേപ പത്രം വാങ്ങാത്ത പമ്പുകൾ പ്രവർത്തിപ്പിക്കരുതെന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.

 സുരക്ഷാ ക്രമീകരണങ്ങൾ

1.പൊടുന്നനെ തീ പിടിത്തമുണ്ടായാൽ അതിനെ നേരിടാൻ കഴിയുന്ന തരത്തിൽ ജീവനക്കാർക്ക് പരിശീലനം നൽകണം

2. അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കണം.അവയ്ക്ക് തകരാറില്ലെന്ന് എല്ലാ ദിവസവും ഉറപ്പ് വരുത്തണം.

3. ബഹുനില മന്ദിരങ്ങളിൽ തീ പിടിത്തമുണ്ടായാൽ ഫയർഫോഴ്സ് വാഹനത്തിൽ നിന്നുള്ള വെള്ളം മുകളിലേക്ക് എത്തിക്കാനുള്ള ഹോസുകൾ ഘടിപ്പിക്കണം.

.......................................................................................................

അഗ്നിശമന സേനയുടെ നിരാക്ഷേപ പത്രം ലഭിക്കാനായി സൗകര്യങ്ങൾ തുടക്കത്തിൽ ഘടിപ്പിക്കുമെങ്കിലും തുടർ പരിപാലനം ഉണ്ടാകാറില്ല.

..........................................................................................................