കൊല്ലം: എൻ. എസ്. സഹകരണ ആശുപത്രിയുടെ അറ്റലാഭം 5.28 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 2.15 കോടി രൂപയായിരുന്നു. സംഘത്തിന്റെ വാർഷിക പൊതുയോഗം കണക്കുകൾ അംഗീകരിച്ചു. ഓഹരി ഉടമകൾക്ക് ഒൻപത് ശതമാനം ലാഭവിഹിതം നൽകാനും തീരുമാനിച്ചു. ചികിത്സാ നിരക്കുകൾ 30 മുതൽ 40 ശതമാനം വരെ കുറവാണ് എൻ.എസ്. ആശുപത്രിയിൽ. രോഗികൾക്ക് മെഡിസിൻ ഡിസ്‌കൗണ്ട് ഇനത്തിൽ 2.03 കോടി രൂപയുടേയും, ബി.പി.എൽ . വിഭാഗത്തിൽപ്പെട്ടവർക്ക് ഡിസ്‌കൗണ്ട് ഇനത്തിൽ 71 ലക്ഷം രൂപയുടേയും, ഓഹരി ഉടമകൾക്ക് ചികിത്സാ സൗജന്യമായി 78 ലക്ഷം രൂപയുടേയും ഇളവുകൾ നൽകിയതിനും ശേഷമാണ് ഇത്രയും ലാഭം നേടിയത്.
എം.ആർ.ഐ സ്‌കാൻ, സി.ടി സ്‌കാൻ, കാത്ത് ലാബ്, ആറ് തീവ്ര പരിചരണ യൂണിറ്റുകൾ, കാൻസർ ചികിത്സാ വിഭാഗം, പ്ലാസ്റ്റിക് & റീകൺസ്ട്രക്ടീവ് സർജറി, മെഡിക്കൽ & സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി യൂണിറ്റുകൾ എന്നിവ ആരംഭിക്കുവാനും വന്ധ്യതാ നിവാരണ ചികിത്സാ വിഭാഗത്തിൽ ഒരു യൂണിറ്റ് കൂടി ആരംഭിക്കുവാനും കഴിഞ്ഞ സാമ്പത്തിക വർഷം കഴിഞ്ഞു.
പാലത്തറ ലാലാസ് കൺവൻഷൻ സെന്ററിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ 1500-ലധികം ഓഹരി ഉടമകൾ പങ്കെടുത്തു. ഈ വർഷത്തോടെ ആശുപത്രിയിൽ കിടക്കകളുടെ എണ്ണം 500 ആയി വർദ്ധിപ്പിക്കുമെന്നും ന്യൂറോ സർജറി, രക്തബാങ്ക്, ഹൈടെക് ഓപ്പറേഷൻ തീയേറ്ററുകൾ, ആധുനിക റോഡപകട തീവ്രപരിചരണ വിഭാഗം എന്നിവ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും സംഘം പ്രസിഡന്റ് പി.രാജേന്ദ്രൻ അറിയിച്ചു. മെഡിലാൻഡിൽ നബാർഡ് ധനസഹോയത്തോടെയുള്ള കാൻസർ സെന്റർ, ആയൂർവ്വേദ ആശുപത്രി, ജെറിയാട്രിക് സെന്റർ എന്നിവ വളരെ വേഗം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കും.
സംഘം വൈസ് പ്രസിഡന്റ് എ. മാധവൻ പിള്ള സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട്, വരവ്- ചെലവ് കണക്ക്, ബഡ്ജറ്റ് നിർദ്ദേശങ്ങൾ എന്നിവ സെക്രട്ടറി ഇൻ-ചാർജ്ജ് പി. ഷിബു അവതരിപ്പിച്ചു. 368.3 കോടി രൂപയുടെ വരവ്-ചെലവ് കണക്കും 2019-20 ൽ 10 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പൊതുയോഗം അംഗീകരിച്ചു. പ്രമുഖ സഹകാരി എം.ഗംഗാധരകുറുപ്പ്, സഹകരണ വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ കെ.രാജഗോപാൽ , ഭരണസമിതിയംഗങ്ങളായ സൂസൻകോടി, കരിങ്ങന്നൂർ മുരളി, സി.ബാൾഡുവിൻ, കെ.ഓമനക്കുട്ടൻ, പ്രസന്നാരാമചന്ദ്രൻ, അഡ്വ.സബിതാബീഗം, തൊടിയൂർ ബാങ്ക് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ, പൂതക്കുളം ബാങ്ക് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, പരവൂർ എസ്.എൻ.വി.ആർ.സി. ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു എന്നിവർ സംസാരിച്ചു. ഭരണസമിതിയംഗം അഡ്വ.പി.കെ.ഷിബു നന്ദി പറഞ്ഞു.