കുണ്ടറ: വായന മരിക്കുകയാണെന്ന പ്രചാരണം ശരിയല്ലെന്ന് മുൻ എം.പി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരളത്തിൽ വായനയ്ക്ക് വലിയ പ്രാധാന്യം നൽകിയത് ഗ്രന്ഥശാലകളും പി.എൻ. പണിക്കരും ആയിരുന്നു. വായനയിലൂടെ ലഭിക്കുന്ന അറിവും അനുഭൂതിയും മറ്റൊരു തരത്തിലും ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലായ് 7 വരെ കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന്റെ കൊല്ലം താലൂക്ക്തല ഉദ്ഘാടനം കുണ്ടറ എം.ജി.ഡി ഗേൾസ് ഹൈസ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. അബൂബക്കർ കുഞ്ഞ്, പഞ്ചായത്ത്തല നേതൃത്വ സമിതി കൺവീനർ ആർ. മോഹനൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ അലക്സ് തോമസ്, പി.ടി.എ പ്രസിഡന്റ് സാബു ബെൻസിൽ, ഫാ. വർഗീസ് തരകൻ എന്നിവർ സംസാരിച്ചു.