ഗ്രാമപഞ്ചായത്ത് വാടകയ്ക്കെടുത്ത കെട്ടിടം പൂട്ടിക്കിടക്കുന്നു
മൺറോതുരുത്ത്: അധികൃതരുടെ മെല്ലെപ്പോക്ക് കാരണം മൺറോതുരുത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിലായപ്പോൾ ദുരിതത്തിലായത് ജനങ്ങൾ. മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിലെ ഏക അലോപ്പതി ചികിത്സാ കേന്ദ്രമാണ് നാട്ടുകാർക്ക് ഉപകാരപ്പെടാതെ പ്രവർത്തിക്കുന്നത്.
കൺട്രാംകാണിയിൽ പ്രവർത്തിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മുങ്ങിയപ്പോൾ കെട്ടിടത്തിനുണ്ടായ ബലക്ഷയം നിമിത്തം പ്രവർത്തനം വില്ലിമംഗലത്തെ സബ് സെന്ററിലേക്ക് മാറ്റിയിരുന്നു. ഇവിടത്തെ സൗകര്യക്കുറവ് മൂലം ഓഫീസ് പ്രവർത്തനം മാത്രം കൺട്രാംകാണിയിലെ ആയുർവേദ ആശുപത്രി കെട്ടിടത്തിലേക്കും മാറ്റി.
പിന്നീട് പി.എച്ച്.സിയുടെ പ്രവർത്തനം ഒരിടത്ത് കൊണ്ടുവരുന്നതിനായി ഗ്രാമപഞ്ചായത്ത് കിടപ്പുറം തെക്ക് വാർഡിൽ കെട്ടിടം വാടകയ്ക്കെടുത്തു. ഒട്ടേറെ ഉപകരണങ്ങൾ ഇവിടേക്ക് മാറ്റുകയും ചെയ്തു. എന്നാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അസൗകര്യങ്ങൾ പറഞ്ഞ് ഇപ്പോഴും വില്ലിമംഗലം സബ് സെന്ററിലാണ് ചികിത്സയ്ക്ക് ഇരിക്കുന്നത്. അതാകട്ടെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രവും. വാടകയ്ക്കെടുത്ത കെട്ടിടമാകട്ടെ പ്രവർത്തനമില്ലാതെ പൂട്ടിക്കിടക്കുകയാണ്.
അതേസമയം പഞ്ചായത്ത് അധികൃതർ വിഷയത്തിൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതിനാലാണ് പി.എച്ച്.സിയുടെ പ്രവർത്തനം അവതാളത്തിലായതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നിലവിൽ മൺറോതുരുത്തിൽ ആരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കുന്നതിനായി തുക അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിടം നിർമ്മിക്കുന്നത് വരെ വാടകയ്ക്കെടുത്ത കെട്ടിടത്തിലേക്ക് എല്ലാ പ്രവർത്തനങ്ങളും മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തെക്കുവടക്ക് ഓടി നാട്ടുകാർ
നിലവിൽ മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിൽ ഒരാൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങണമെങ്കിൽ വില്ലിമംഗലം സബ് സെന്ററിലെത്തി ഡോക്ടറിൽ നിന്ന് എഴുതി വാങ്ങി സീൽ പതിക്കാൻ രണ്ട് കിലോമീറ്ററോളം അകലെയുള്ള പഴയ കെട്ടിടത്തിലെത്തണമെന്ന അവസ്ഥയാണ്.
ദുരിതത്തിലായത് രോഗികൾ
കൺട്രാംകാണിയിൽ പഴയ പി.എച്ച്.സി കെട്ടിടത്തിന് സമീപമാണ് ആയുർവേദ, ഹോമിയോ ആശുപത്രികൾ പ്രവർത്തിക്കുന്നത്. പി.എച്ച്.സിയുടെ പ്രവർത്തനം മാറുന്നതിന് മുമ്പ് ഇവയെല്ലാം ഒരേ വളപ്പിലായിരുന്നതിനാലും മൺറോതുരുത്ത് പഞ്ചായത്തിന്റെ മദ്ധ്യഭാഗത്തായിരുന്നതിനാലും എല്ലാ വാർഡിലുള്ളവർക്കും ഏറെ സൗകര്യപ്രദമായിരുന്നു. പ്രത്യേകിച്ച് ഒറ്റപ്പെട്ട പ്രദേശമായ കിടപ്പുറം വടക്ക് പെരുങ്ങാലം വാർഡുകാർക്ക്. ഇപ്പോൾ ഇവർക്ക് റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിലോ കൊച്ചുമാട്ടയിൽ സ്റ്റോപ്പിലോ എത്തി ബസ് കയറി വേണം വില്ലിമംഗലത്തെത്താൻ.