vayana
വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മങ്ങാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ നിർവഹിക്കുന്നു

കൊല്ലം: കൈ നിറയെ പുസ്തകങ്ങൾ വിതരണം ചെയ്ത് വായനാ പക്ഷാചരണത്തിന്റെ ജില്ലാതല പരിപാടികൾക്ക് മങ്ങാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കം. വായിച്ചു വളരാൻ ആഹ്വാനം ചെയ്ത പി. എൻ. പണിക്കരുടെ ജീവചരിത്രം ഉൾപ്പെടെ അറിവിന്റെ ലോകത്തേക്ക് തലമുറകളെ ആകർഷിക്കുന്ന രചനകളാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. സ്‌കൂളിൽ അക്ഷരവസന്തം വിരിയിച്ച് വായനാ കോർണറിനും തുടക്കമായി.
ജില്ലാ ഭരണകൂടം, ലൈബ്രറി കൗൺസിൽ, പി. എൻ പണിക്കർ ഫൗണ്ടേഷൻ, വിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സാക്ഷരതാ മിഷൻ, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. പി. കെ ഗോപൻ നിർവഹിച്ചു. പി. എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി എൻ. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് വായനാ കോർണർ സമർപ്പിച്ചു. ലൈബ്രറി കൗൺസിൽ സ്​റ്റേ​റ്റ് എക്സിക്യൂട്ടീവ് അംഗം എസ്. നാസർ വായനാദിന സന്ദേശം നൽകി. പി. എൻ പണിക്കർ ഫൗണ്ടേഷൻ ചീഫ് കോ ഓർഡിനേ​റ്റർ ജി. ആർ. കൃഷ്ണകുമാർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ. എസ് ശ്രീകല ആശംസ അർപ്പിച്ചു.
ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡി. സുകേശൻ, കുടുംബശ്രീ ജില്ലാ കോ ഓർഡിനേ​റ്റർ എ. ജി സന്തോഷ്, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേ​റ്റർ സി. കെ പ്രദീപ് കുമാർ, പ്രിൻസിപ്പൽ എസ്. ഉഷ, അസിസ്​റ്റന്റ് ഫോറസ്​റ്റ് കൺസർവേ​റ്റർ കെ. എസ്. ജ്യോതി, ഹെഡ്മിസ്ട്രസ് കെ. ഷീബ, പി. ​റ്റി. എ പ്രസിഡന്റ് എ. ഡി അനിൽ കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ് തുടങ്ങിയവർ സംസാരിച്ചു.
സെമിനാറുകൾ, പുസ്തക ചർച്ചകൾ, പുസ്തക പ്രദർശനം, വായനക്കൂട്ടങ്ങൾ, ലഹരി വിരുദ്ധ സദസുകൾ തുടങ്ങിയവ പക്ഷാചരണത്തിന്റെ ഭാഗമായി സ്‌കൂളുകൾ, കോളേജുകൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ നടക്കും. ജൂലായ് ഒന്നിന് പി. കേശവദേവിന്റെയും അഞ്ചിന് വൈക്കം മുഹമ്മദ് ബഷീറിന്റെയും അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ജൂലായ് ആറിന് പി. എൻ പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജില്ലാതല ക്വിസ് മത്സരം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടത്തും.