കൊല്ലം: അലക്കിത്തേച്ച് വടിവൊത്ത വസ്ത്രമണിഞ്ഞെത്തുന്ന വി.ഐ.പികൾ, ഉടയാത്ത തൂവെള്ള ഖദറണിഞ്ഞ രാഷ്ട്രീയ നേതാക്കൾ, മുഷിഞ്ഞ വസ്ത്രങ്ങളെ ഇവരുടെ സ്റ്റാറ്റസിനിണങ്ങുന്ന വിധം വടിവൊത്തതാക്കുന്ന ഒരു വിഭാഗം തൊഴിലാളികളുണ്ട് നഗര മദ്ധ്യത്തിൽ. തലമുറകളായി അലക്ക് ജോലി ചെയ്ത് പരിമിതമായ സൗകര്യങ്ങളിൽ ജീവിതം തള്ളിനീക്കുന്ന കുറച്ച് മനുഷ്യർ.
കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം ആറ്റിൻകുഴി പ്രദേശത്തെ പ്രണവം നഗറിൽ അലക്ക് തൊഴിലാളികളുടെ ഇരുപത്തിനാലോളം കുടുംബങ്ങളാണ് ഇത്തരത്തിൽ താമസിക്കുന്നത്. ഏറെയും ഒറ്റമുറി വീടുകൾ. അച്ഛനും അമ്മയും മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയായി പത്തോളം പേരാണ് ഓരോ ഒറ്റമുറി വീടുകളിലും.
ഫ്ളാറ്റുകളൊരുക്കി നഗരസഭ
നാലുതലമുറകളായി സർക്കാർ പുറമ്പോക്ക് ഭൂമിയിൽ താമസമാക്കിയ കുടുംബങ്ങളെ ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറ്റി പാർപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ പ്രദേശത്തേക്കാണ് ഇവരെ മാറ്റി താമസിപ്പിക്കാൻ ഒരുങ്ങുന്നത്. അവിടെ ഇവർക്കായി ഫ്ളാറ്റുകൾ ഒരുങ്ങുകയാണ്. ഒറ്റമുറിയിലെ പരിമിത സൗകര്യങ്ങളിൽ നിന്ന് ഫ്ളാറ്റിലേക്ക് താമസം മാറുമെങ്കിലും ഇവർ ആശങ്കയിലാണ്. വറ്റാത്ത പൊതുകിണറും കുളവും ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് പോകുമ്പോൾ ഉപജീവന മാർഗമായ അലക്ക് തൊഴിൽ ചെയ്യാനാവശ്യമായ സൗകര്യങ്ങൾ ലഭിച്ചില്ലെങ്കിൽ..?
മെയിൻ റോഡിനോട് ചേർന്നുള്ള പ്രദേശത്ത് താമസിക്കുന്നതിനാൽ തുണികളുമായി നിരവധി പേർ അന്വേഷിച്ച് എത്താറുണ്ട്. സ്ഥിരമായി വസ്‌ത്രങ്ങൾ അലക്കാൻ ഏൽപ്പിക്കുന്നവരുമുണ്ട്. മതിയായ വെയിൽ ലഭിക്കുന്നതിനാൽ റോഡിനോട് ചേർന്ന് വസ്‌ത്രങ്ങൾ ഉണക്കാനിടുകയായിരുന്നു പതിവ്. എന്നാൽ വാഹന യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടായതോടെ അത് ഒഴിവാക്കേണ്ടി വന്നു.
കനത്ത മഴയുള്ളപ്പോഴും വേനൽക്കാലത്തും വെല്ലുവിളികളുണ്ടാകാറുണ്ടെങ്കിലും നല്ല രീതിയിൽ തന്നെ ജോലി നടന്നുപോകുന്നതായി അലക്ക് തൊഴിലാളിയായ ഗീത പറയുന്നു. പുതുതലമുറയിലെ കുട്ടികൾ വിദ്യാസമ്പന്നരായിട്ടും തൊഴിലില്ലായ്മ ഒരു പ്രശ്നമാണെന്ന് കുടുംബശ്രീ സെക്രട്ടറി കൂടിയായ സെൽവി പരാതിപ്പെട്ടു.
പുതിയ വാസസ്ഥലത്ത് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും സന്തോഷത്തിനൊപ്പം ആശങ്കയും ഇവരുടെ മുഖത്ത് നിഴലിക്കുന്നുണ്ട്.
നഗരമദ്ധ്യത്തിലെ അലക്ക് തൊഴിലാളികൾ
പരമ്പരാഗതമായി തെലുങ്കരാണെങ്കിലും തലമുറകൾക്ക് മുമ്പേ ഇവിടെ എത്തിയവരാണ് പ്രണവം നഗറിലെ അലക്ക് തൊഴിലാളികൾ. ആദ്യകാലങ്ങളിൽ പെൺകുട്ടികളെ പുറത്ത് വിവാഹം ചെയ്‌ത് കൊടുക്കുന്ന പതിവില്ലായിരുന്നു. കാലം മാറിയതോടെ നാട്ടുകാരുമായും വിവാഹബന്ധം തുടങ്ങി. എന്നാലും ഉപജീവനമാർഗം അലക്ക് തന്നെ. പുതിയ തലമുറയിലെ കുട്ടികൾ മറ്റ് ജോലികളിൽ സജീവമാണെങ്കിലും ഇസ്‌തിരി പണികൾക്കുൾപ്പെടെ മുതിർന്നവരെ സഹായിക്കാൻ അവരും ഒപ്പം കൂടാറുണ്ട്.
തുണികൾ അലക്കി തേച്ചുകൊടുക്കാൻ പ്രത്യേകം കൂലി നിശ്ചയിച്ചിട്ടുണ്ട്. അലക്കുന്നതിനൊപ്പം ശരിയായി ഇസ്‌തിരിയിട്ടും നൽകും. വെള്ള വസ്‌ത്രങ്ങൾക്ക് അലക്ക് കൂലി കൂടും. അത്യാവശ്യക്കാരിൽ നിന്ന് കൂടുതൽ തുക ഈടാക്കും. സാരിക്ക് 50, ഷർട്ട് 30 എന്നിങ്ങനെ സാധാരണക്കാരന് താങ്ങാവുന്ന റേറ്റിലാണ് ഇപ്പോഴും തങ്ങളുടെ ഉപജീവന മാർഗവുമായി ഇവർ മുന്നോട്ട് പോകുന്നത്.