നാറ്റ്പാക് രൂപരേഖ തയ്യാറാക്കൽ ആരംഭിച്ചു
കൊല്ലം: നഗരത്തിലെ ഇടുങ്ങിയ റോഡുകൾക്ക് വൈകാതെ വീതി കൂടും. റോഡ് വക്കിൽ മനോഹരമായ നടപ്പാതകൾ വരും. മലിനജലം ഒഴുകാൻ പുതിയ ഓടകൾ നിർമ്മിക്കും. കൊല്ലം നഗരത്തിലെ റോഡുകളെ അടിമുടി മാറ്റുന്ന സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കൽ നാറ്റ്പാക് ആരംഭിച്ചു.
സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെ റോഡുകൾ വികസിപ്പിക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ സംസ്ഥാന സർക്കാർ നേരത്തെ കൊല്ലം നഗരത്തെ ഉൾപ്പെടുത്തിയിരുന്നു. കേരള റോഡ് ഫണ്ട് ബോർഡിനാണ് പദ്ധതിയുടെ നിർമ്മാണ ചുമതല. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ റോഡുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വീതി കൂട്ടി സൗന്ദര്യവത്കരിച്ചിരുന്നു. ആലപ്പുഴയിൽ നഗരത്തിൽ അടുത്തിടെ പദ്ധതി ആരംഭിച്ചു.
നഗരത്തിലെ പ്രധാനപ്പെട്ട ഇടറോഡുകളുടെ വീതി കുറഞ്ഞത് 5 മീറ്ററായെങ്കിലും വർദ്ധിപ്പിക്കും. ഒരു കിലോ മീറ്റർ വികസനത്തിന് 15 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ 740 കോടി ചെലവിലാണ് പദ്ധതി നടപ്പിലാക്കുക. നിർമ്മാണം ഏറ്റെടുക്കുന്ന ഏജൻസി തന്നെ 15 വർഷത്തേക്ക് അറ്റകുറ്റപ്പണി കൂടി നടത്തുന്ന തരത്തിലാകും പദ്ധതിയുടെ കരാർ. കുറഞ്ഞത് മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. കുടിവെള്ള പൈപ്പുകളും കേബിളുകളും സ്ഥാപിക്കാൻ ഡിവൈഡറുകളിൽ കുഴലുകൾ സ്ഥാപിക്കുന്നതിനാൽ വർഷങ്ങളോളം ഈ റോഡ് മറ്റ് ആവശ്യങ്ങൾക്കായി വെട്ടിപ്പൊളിക്കേണ്ടി വരില്ല. ആറ് മാസത്തിനുള്ളിൽ നാറ്റ്പാക് രൂപരേഖ നഗരസഭയ്ക്ക് സമർപ്പിക്കും. നേരത്തെ അനുമതി ലഭിച്ചിട്ടുള്ളതിനാൽ വൈകാതെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ പ്രത്യേകത
ജി.പി.എസ് സംവിധാനത്തോടെയുള്ള സോളാർ ട്രാഫിക് സിഗ്നലുകൾ
പ്രധാന ജംഗ്ഷനുകളിലെ മീഡിയനുകളിൽ വൃക്ഷങ്ങൾ
മനോഹരമായ തെരുവ് വിളക്കുകളും നടപ്പാതകളും
റോഡിനോട് ചേർന്ന് സൈക്കിൾ ട്രാക്കുകൾ
കേബിളുകൾക്കും കുടിവെള്ള പൈപ്പുകൾക്കുമായി പ്രത്യേക കുഴലുകൾ
'' നഗര റോഡ് വികസന പദ്ധതിയിൽ സംസ്ഥാന സർക്കാർ കൊല്ലം നഗരത്തെ ഉൾപ്പെടുത്തുകയായിരുന്നു. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.''
വി. രാജേന്ദ്രബാബു, മേയർ
ഒരു കിലോ മീറ്റർ വികസനത്തിന് 15 കോടി
15 വർഷത്തേക്ക് അറ്റകുറ്റപ്പണി ചുമതല
കുടിവെള്ള പൈപ്പുകളും കേബിളുകളും സ്ഥാപിക്കാൻ ഡിവൈഡറുകളിൽ കുഴലുകൾ