കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വൃക്ഷങ്ങൾ കടപുഴകി
രണ്ട് മണിക്കൂർ ഗതാഗതം മുടങ്ങി, വൈദ്യുതിയും നിലച്ചു
പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ കാറ്റിൽ പരക്കെ നാശം. വൃക്ഷങ്ങൾ കടപുഴകിവീണ് ദേശീയപാതയിൽ രണ്ടുമണിക്കൂർ ഗതാഗതം നിലച്ചു. ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. പുനലൂരിന് സമീപത്തെ പ്ലാച്ചേരിയിലാണ് മൂന്ന് കൂറ്റൻ റബർ മരങ്ങൾ റോഡിന് കുറുകേ വീണത്. വൈദ്യുതി കമ്പികളും തകർന്നു. ഇതോടെ കെ.എസ്.ആർ.ടി.സി അന്തർ സംസ്ഥാന ബസുകൾ അടക്കമുള്ള വാഹനങ്ങൾ പാതയിൽ കുടുങ്ങി.
ഇതിനിടെ ചെറുവാഹനങ്ങൾ പുനലൂർ ടി.ബി.ജംഗ്ഷനിൽ നിന്ന് പാപ്പന്നൂർ വഴിയുളള സമാന്തര പാതയിലൂടെ ദേശീയപാതയിലെ ഇടമൺ സത്രം ജംഗ്ഷനിൽ എത്തിയാണ് യാത്ര തുടർന്നത്. കമ്പികൾ പൊട്ടിയതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ 10മണിയോടെയാണ് മരങ്ങൾ മുറിച്ച് നീക്കി ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചത്. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ വ്യാപകമായ കൃഷിനാശവും സംഭവിച്ചു.