കൊല്ലം: ചൂഷണങ്ങൾക്ക് വഴങ്ങാതെ പ്രതികരിക്കാൻ കൗമാരക്കാരെ പ്രാപ്തരാക്കുന്ന ലാംപ് (ലീഗലി ആൻഡ് മെന്റലി എംപവറിംഗ്) എന്ന പുതിയ പദ്ധതിയുമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി.
മയക്കുമരുന്ന് ഉപയോഗം, ലൈംഗിക ചൂഷണം തുടങ്ങിയവ തടയുകയാണ് ലക്ഷ്യം. ജില്ലയിലെ ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും ഇതിനായി ബോധവത്കരണ ക്ലാസുകൾ നടത്തുമെന്ന് ലീഗൽ സർവീസ് അതോറിറ്റി ജില്ലാ ചെയർമാനും ജില്ലാ ജഡ്ജിയുമായ എസ്.എച്ച്. പഞ്ചാപകേശൻ പറഞ്ഞു.
ആരോഗ്യം, വനിതാശിശുക്ഷേമം, വിദ്യാഭ്യാസം, പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫിസിഷ്യൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, അഭിഭാഷകർ| എന്നിവർ ഉൾപ്പെട്ട സംഘമാണ് ബോധവത്കരണം നടത്തുന്നത്. ആഴ്ചയിൽ ഒരുദിവസം ഉച്ചയ്ക്ക് ശേഷം ക്ലാസ് നടത്താനാണ് ആലോചന. മാനസിക, ശാരീരിക ആരോഗ്യത്തിനായി യോഗ പരിശീലനവും നൽകും. രണ്ടാംഘട്ടമായി സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തും.
സംസ്ഥാനത്ത് ആദ്യമായാണ് ലീഗൽ സർവീസ് അതോറിറ്റി ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ സ്കൂളുകൾ പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.സർക്കാർ എയ്ഡഡ് സ്കൂളിലെ പി.ടി.എകൾ താല്പര്യമറിയിച്ചാൽ അവിടങ്ങളിലും ക്ലാസ് സംഘടിപ്പിക്കും.
പദ്ധതിയുടെ ഉദ്ഘാടനം 22ന് രാവിലെ 9.30ന് പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ ഹൈക്കോടതി ജഡ്ജി എസ്.വി. ഭാട്ടി നിർവഹിക്കും. ജില്ലാ ജഡ്ജി പഞ്ചാപകേശൻ അദ്ധ്യക്ഷത വഹിക്കും. അഡിഷണൽ ജില്ലാ ജഡ്ജി ഇ. ബൈജു, സബ് ജഡ്ജ് സുബിത ചിറയ്ക്കൽ, ബാർ അസോസിയേഷൻ പ്രസിഡന്റ് ധീരജ് രവി, ഡെപ്യൂട്ടി ഡി.എം.ഒ സി.ആർ. ജയശങ്കർ തുടങ്ങിയവർ സംസാരിക്കും.
സ്കൂളുകളിൽ പരാതിപ്പെട്ടി
അതിക്രമങ്ങൾ അറിയിക്കാൻ ജില്ലയിലെ എല്ലാ സ്കൂളുകളിലും ലീഗൽ സർവീസ് അതോറിട്ടി പരാതിപ്പെട്ടികൾ സ്ഥാപിക്കും. അതോറിറ്റി പ്രവർത്തകർ പരാതികളിൽ നിയമ നടപടി സ്വീകരിക്കും. നിലവിൽ പൊലീസും എക്സൈസും പരാതിപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ലീഗൽ സർവീസ് അതോറിട്ടി പരാതിപ്പെട്ടി സ്ഥാപിക്കുന്നത്.