അഴിമതി വിരുദ്ധ സമരത്തിന് ശക്തി പകരാൻ
കൊല്ലം: കാഷ്യു ബോർഡിലെയും പൊതുമേഖലാ കശുഅണ്ടി സ്ഥാപനങ്ങളിലെയും അഴിമതിക്കെതിരെ പ്രക്ഷോഭം ആരംഭിക്കും മുൻപ് ഡയറക്‌ടർ ബോർഡിലെ യു.ഡി.എഫ് പ്രതിനിധികളെ പിൻവലിക്കണമെന്ന ചർച്ച നേതൃനിരയിൽ സജീവം. കശുഅണ്ടി വികസന കോർപ്പറേഷൻ, കാപ്പക്‌സ്, കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് എന്നിവിടങ്ങളിലെ ഐ.എൻ.ടി.യു.സി, യു.ടി.യു.സി പ്രതിനിധികളെ പിൻവലിക്കാതെ പ്രക്ഷോഭം തുടങ്ങിയാൽ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് നേതൃത്വം. കാപ്പക്‌സ്, കശുഅണ്ടിതൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ്, കാഷ്യു ബോർഡ് എന്നിവയിൽ നടന്ന ക്രമക്കേടുകൾക്കെതിരെ സംഘടിത സമരം കോൺഗ്രസ് നടത്തിയിരുന്നില്ല. ജൂലായ് ആദ്യവാരം കടവൂരിൽ നടക്കുന്ന ജില്ലാ ക്യാമ്പിൽ സമര രീതി തീരുമാനിക്കാമെന്നാണ് ജില്ലാ നേതൃത്വത്തിലെ ധാരണ.
ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സജി.ഡി.ആനന്ദ്, ടി.സി.വിജയൻ, ജി.വേണുഗോപാൽ, ഐ.എൻ.ടി.യു.സി നേതാക്കളായ കാഞ്ഞിരവിള അജയകുമാർ, കോതേത്ത് ഭാസുരൻ, ടി.ആർ.ഗോപകുമാർ എന്നിവരാണ് യഥാക്രമം കശുഅണ്ടി വികസന കോർപറേഷൻ, കാപ്പെക്‌സ്, ക്ഷേമനിധി ബോർഡ് എന്നിവിടങ്ങളിലെ യു.ഡി.എഫ് പ്രതിനിധികൾ.
ഡയറക്‌ടർ ബോർഡിലുള്ളത് ട്രേഡ് യൂണിയന്റെ പ്രതിനിധികളാണെങ്കിലും കോൺഗ്രസ്, ആർ.എസ്.പി നേതൃത്വം ഇടപെടുമെന്നും പ്രതിനിധികളെ പിൻവലിക്കുന്ന കാര്യം യു.ഡി.എഫ് ആലോചിക്കുമെന്നുമാണ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, കൺവീനർ ഫിലിപ്പ് കെ.തോമസ് എന്നിവർ ഇന്നലെ പറഞ്ഞത്.
ഐ.എൻ.ടി.യു.സിയിൽ അഫിലിയേഷനുള്ളതും ഇല്ലാത്തതുമായ സംഘടനകൾ കശുഅണ്ടി മേഖലയിൽ സജീവമാണ്. ഒരു ഘട്ടത്തിലും പരസ്‌പരം അംഗീകരിക്കാത്ത ഇവരെ ഒരുമിച്ച് സമര മുഖത്തേക്ക് എത്തിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. കാഷ്യു ബോർഡ് ഇടപാടിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നിരാഹരം ഉൾപ്പെടെയുള്ള സമര പരിപാടികളുമായി രംഗത്ത് വന്നിട്ടും കോൺഗ്രസ് നേതൃത്വം സമരം ഏറ്റെടുത്തിട്ടില്ല. സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വാഹന ജാഥ നടത്തിയതൊഴിച്ചാൽ ഏകീകൃത സംഘടിത സമരം ഐ.എൻ.ടി.യു.സി ജില്ലാ നേതൃത്വത്തിൽ നിന്നുണ്ടായില്ല.