temple
വെള്ളനാതുരുത്ത് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്തിലെ വെള്ളനാതുരുത്ത് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് 5.20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും സ്വർണവേലും വെള്ളി വിളക്കും മോഷണംപോയി.

വിഗ്രഹത്തിൽ ചാർത്തുന്ന മാലകളും, സ്വർണ പൊട്ടുകളും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു. വെള്ളിവിളക്കിന് മുപ്പതിനായിരം രൂപ വിലവരും.

സുഗുണാനന്ദവിലാസം അരയജന കരയോഗത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം.

ശ്രീകോവിലിന് സമീപമുള്ള മുറിയിലാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. ഇന്നലെ പുലർച്ചെ മേൽശാന്തി ഗോപിനാഥൻ ക്ഷേത്രം തുറന്ന് നിർമ്മാല്യ പൂജ നടത്തിയെങ്കിലും മോഷണം ശ്രദ്ധയിൽപ്പെട്ടില്ല. പ്രഭാത പൂജക്ക് ശേഷം മേൽശാന്തി ചുമതല കീഴ്ശാന്തി സതീഷിനെ ഏല്പിച്ചശേഷം പുറത്തേക്ക് പോയി. ദേവന് ചാർത്താനുള്ള ആഭരണങ്ങൾ എടുക്കാൻ കീഴ്ശാന്തി മുറി തുറന്നപ്പോഴാണ് മോഷണം അറിയുന്നത്. വിവരം മേൽശാന്തിയെയും ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് രമേശനെയും അറിയിച്ചു. ഭക്തർ തടിച്ച് കൂടി. പൊലീസ് എത്തി അന്വേഷണം തുടങ്ങി.

ശ്രീകോവിലിന്റെയും അടുത്ത മുറിയുടെയും താക്കോൽ ശാന്തിമാർ ക്ഷേത്രത്തിലെ രഹസ്യ സ്ഥലത്ത് സൂക്ഷിക്കുകയാണ് പതിവ്. മോഷ്ടാക്കൾ താക്കോൽ എടുത്ത് കവർച്ച നടത്തിയശേഷം മുറിപൂട്ടി താക്കോൽ യഥാസ്ഥലത്ത് വയ്ക്കുകയായിരുന്നു. ക്ഷേത്രത്തിലെ കാര്യങ്ങൾ അറിയാവുന്ന ആരെങ്കിലും ആയിരിക്കാം മോഷണത്തിനു പിന്നിലെന്ന് പൊലീസ് കരുതുന്നു. പൊലീസ് നായയെ കൊണ്ടുവന്നെങ്കിലും അതു ക്ഷേത്രവളപ്പിൽ ചുറ്റിപ്പറ്റി നിന്നതല്ലാതെ ഏതെങ്കിലും ദിശ ഉന്നംവച്ചു നീങ്ങിയില്ല.

വിരലടയാള വിഗദ്ധരും പരിശോധന നടത്തി. ക്ഷേത്രവുമായി ബന്ധപ്പെട്ട പലരേയും പൊലീസ് ചോദ്യം ചെയ്തു.

വീടുകളിലും മോഷണം

കഴിഞ്ഞ ദിവസം അയണിവേലിക്കുളങ്ങര തെക്ക് ഇളമശ്ശേരിൽ ഭാർഗ്ഗവിഅമ്മയുടെ വീട്ടിൽ നിന്ന് രണ്ടു പവന്റെ സ്വർണാഭരണവും 3500 രൂപയും കവർന്നു. മതിൽ ചാടിക്കടന്ന മോഷ്ടാക്കൾ മുൻവശത്തെ കതക് ചവിട്ടിപ്പൊളിച്ചാണ് കയറിയത്. മുറികളിലെ നാല് അലമാരകൾ കുത്തി തുറന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭാർഗ്ഗവി അമ്മ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചെറുമകൻ വിഷ്ണു വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം മനസ്സിലായത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇതിന് സമീപമുള്ള താഴേശ്ശേരിൽ ഭാർഗവന്റെ വീട്ടിലും കതക് പൊളിച്ച് മോഷ്ടാക്കൾ കയറി. വീട്ടിൽ ആരും ഇല്ലായിരുന്നു. ഒന്നും നഷ്ടപ്പെട്ടില്ല. കമലാലയത്തിൽ ശ്രീകുമാറിന്റെ പഴയ വീട്ടിലും മോഷ്ടാക്കൾ കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല