കരുനാഗപ്പള്ളി: വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വലിയ വെല്ലുവിളി നേരിടുകയാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ആർ. ചന്ദ്രമോഹൻ പറഞ്ഞു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ ബി.എം. ഷെറീഫിന്റെ 9-ാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾ ഇപ്പോഴും വിശ്വാസം അർപ്പിച്ചിരിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലാണ്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവായിരുന്നു ബി.എം. ഷെറീഫെന്നും അദ്ദേഹം പറഞ്ഞു. ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം.എസ്. താര, വിജയമ്മ ലാലി, കടത്തൂർ മൺസൂർ, ജഗത് ജീവൻലാലി എന്നിവർ സംസാരിച്ചു. പാർട്ടിയുടെ പരിധിയിൽ വരുന്ന 125 ബ്രാഞ്ച് കമ്മിറ്റികളിലും ബി.എം. ഷെറീഫിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി.