bindu
കൊല്ലം ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ചും ധർണയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: തീരദേശ മേഖല കടൽക്ഷോഭം മൂലം ദുരന്തഭൂമിയായി മാറുമ്പോൾ നോക്കുകുത്തികളായി ഭരണകൂടവും വകുപ്പ് മന്ത്രിയും മാറുന്നത് അപമാനകരമാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തീരദേശ സംരക്ഷണം ആവശ്യപ്പെട്ട് കൊല്ലം ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച പുലിമുട്ടികൾ പോലും ചെയ്ത് തീർക്കുവാൻ ഇടതുപക്ഷ സർക്കാരിന് കഴിയാത്തതാണ് ഈ ദുരന്തത്തിന് പ്രധാന കാരണമെന്നും വറുതിയിൽ വരളുന്ന തീരദേശ നിവാസികൾക്ക് സൗജന്യ റേഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറാകണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. പശു സംരക്ഷണത്തിന് വേണ്ടി മന്ത്രാലയങ്ങൾ തീർക്കുന്ന കേന്ദ്ര സർക്കാർ മത്സ്യത്തൊഴിലാളികളുടെ കണ്ണീരിന്റെ വില പോലും കാണാൻ കഴിയാതെ പോകുന്നത് ദൗർഭാഗ്യകരമാണെന്നും അവർ പറഞ്ഞു.

മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജന. സെക്രട്ടറി ലീലാകൃഷ്ണൻ, ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ, ആർ. രാജപ്രിയൻ, എ.എൽ. ജോസ്, എൻ. മരിയാൻ, ഡി. രവിദാസ്, കെ. സുഭഗൻ, എഡ്ഗർ സെബാസ്റ്റ്യൻ, യോഹന്നാൻ, എസ്.എഫ് യേശുദാസ്, ഷാജഹാൻ എന്നിവർ സംസാരിച്ചു.
റസ്റ്റ് ഹൗസിന്റെ മുന്നിൽ നിന്ന് ആരംഭിച്ച മാർച്ചിന് ആർ. ശശി, ഫസിലുദ്ദീൻ, സുധീശൻ, ലീന ലോറൻസ്, സുബ്രഹ്മണ്യൻ, സതീശൻ, അഗസ്റ്റിൻ ലോറൻസ്, കൃഷ്ണദാസ്, സിറിൽ പത്രോസ്, ജോർജ്ജ് ജോയി, കുര്യൻ, അശോകൻ, യേശുദാസ്, പത്രോസ്, ഹെൻട്രി എന്നിവർ നേതൃത്വം നൽകി.