പുനലൂർ: നിർമ്മാണത്തിലെ അപാകതയെ തുടർന്ന് കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ കഴുതുരുട്ടി ഇരട്ടപ്പാലത്തിന് സമീപം നിർമ്മിക്കുന്ന പുതിയ പാലത്തിൽ വിള്ളൽ. കഴിഞ്ഞ വർഷമാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ച 3.5കോടി രൂപ ചെലവിൽ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഉപരിതലത്തിലെ കോൺക്രീറ്റ് ജോലികൾ ആറ് മാസം മുമ്പ് പൂർത്തിയാക്കിയിരുന്നു. രണ്ട് കരകളിലും മണ്ണു നിറച്ച് പഴയ റോഡിനോട് ബന്ധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് വിള്ളൽ കണ്ടെത്തിയത്. ഗുണമേന്മ കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തതാണ് വിള്ളലുണ്ടാകാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച കഴുതുരുട്ടി ഇരട്ടപ്പാലം കാലപ്പഴക്കത്താൽ നാശത്തിന്റെ വക്കിലാണ്. കൈവരികളും ഉപരിതലവും നശിച്ച പാലം ഏതുസമയവും നിലംപൊത്താം. തുടർന്നാണ് പുതിയ പാലം നിർമ്മിക്കാൻ ആരംഭിച്ചത്. എന്നാൽ ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന അന്തർസംസ്ഥാന പാതയിൽ പണിത പുതിയ പാലത്തിൽ വിള്ളൽ വീണത് എല്ലാവരെയും ആശങ്കയിലാക്കിയിരിക്കുകയാണ്.