theif
thief

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ ആൾപ്പാർപ്പില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം വ്യാപകമാകുന്നു. ഈ മാസം ആദിനാട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലായി ആറ് മോഷണങ്ങളാണ് ഇത്തരത്തിൽ നടന്നത്. പലയിടങ്ങളിലും ഒരേ രീതിയാണ് മോഷ്ടാക്കൾ പിന്തുടരുന്നത്. ആൾതാമസമില്ലാത്ത വീടുകളുടെ മുൻവശത്തെ കതകുകൾ പൊളിച്ച് അകത്ത് കടന്ന ശേഷം അലമാരകളിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവരുകയായിരുന്നു. കഴിഞ്ഞ ദിവസം അയണിവേലിക്കുളങ്ങരയിൽ നടന്ന കവർച്ചയാണ് അവസാന സംഭവം.

മിക്ക കേസുകളിലും പൊലീസ് വിശദമായ അന്വേഷണം നടത്തിയിട്ടും തുമ്പൊന്നും ലഭിച്ചിട്ടില്ല. മുമ്പുണ്ടായ മോഷണങ്ങളുടെ അന്വേഷണം ഏതാണ്ട് തണുത്തപ്പോഴാണ് അയണിവേലിക്കളങ്ങരയിൽ മോഷ്ടാക്കൾ എത്തിയത്. കൃത്യമായ തെളിവുകൾ ലഭിക്കാത്തതാണ് അന്വേഷണത്തിന് തടസമാകുന്നത്. മോഷണം നടത്താനുദ്ദേശിക്കുന്ന വീടുകൾ നേരത്തെ കണ്ടുവയ്ക്കുന്നതാണ് കള്ളൻമാരുടെ പതിവെന്നാണ് പൊലീസ് പറയുന്നത്. ആളില്ലാത്ത വീടുകൾ ഗേറ്റുകൾ മിക്കവാറും പുറത്തുനിന്ന് പൂട്ടിയിരിക്കും.ഇത്തരം വീടുകളുടെ സമീപം നേരത്തെ എത്തി പരിസരം നിരീക്ഷിച്ച ശേഷം മടങ്ങുന്ന കള്ളന്മാർ അർദ്ധരാത്രിയാണ് മോഷണം നടത്തുന്നത്. തുടർന്ന് ഇവർ വാഹനങ്ങളിൽ രക്ഷപ്പെടുന്നതായാണ് സംശയിക്കുന്നതെന്നും പൊലീസ് പറയുന്നു. മോഷ്ടാക്കളെ ഭയന്ന് വീട് പൂട്ടി പുറത്തുപോകാൻ പറ്റാത്ത അവസ്ഥയാണെന്നും ഇതിന് പരിഹാരമായി പൊലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.