തൊടിയൂർ: കല്ലേലിഭാഗത്ത് ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം. രണ്ടാഴ്ചയ്ക്കിടെ അടുത്തടുത്ത രണ്ടു വീടുകളിൽ നിന്ന് മോഷ്ടാക്കൾ ചന്ദനമരം മുറിച്ചെങ്കിലും പൂർണമായും കടത്താനായില്ല. കല്ലേലിഭാഗം പുന്നൂർ മഠത്തിൽ ശങ്കരനാരായണയ്യരുടെ (കൃഷ്ണമൂർത്തി) വീട്ടിലെ ചന്ദനമരമാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ മുറിച്ചെടുത്തത്. ഒരു മീറ്ററിൽപ്പരം നീളമുള്ള ചന്ദനമരത്തിന്റെ ഒരുമുറി വീടിന് 50 മീറ്റർ അകലെയുളള റോഡരികിൽ നിന്ന് ഉടമസ്ഥന് ലഭിച്ചു. മോഷ്ടാക്കൾ ചന്ദനമരക്കഷ്ണം കാറിൽ കടത്തുന്നത് കണ്ട കറവക്കാരൻ ഉൾപ്പടെയുള്ള ചില ആളുകൾ പുന്നൂർ മഠത്തിൽ എത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് റോഡിൽ കൊണ്ടിട്ട തടി ഉൾപ്പെടെ ഉപേക്ഷിച്ച് രണ്ടു കാറുകളിലായി മോഷ്ടാക്കൾ കടന്നു കളഞ്ഞു. വിളെവെത്താത്ത ചന്ദന മരമാണ് മുറിച്ച് കടത്താൻ ശ്രമിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തൊട്ടയൽപ്പക്കത്തെ പത്മാലയത്തിൽ സത്യന്റെ വീട്ടിലെ ചന്ദനമരവും മുറിച്ചെടുത്തിരുന്നു. അതും ഭാഗികമായേ കടത്തിക്കൊണ്ടു പോകാനായുള്ളു. ശങ്കരനാരായണയ്യർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി.