രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു
കൊല്ലം: ഉൾക്കടലിലെ മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി. തമിഴ്നാട് പുതിയതുറ സ്വദേശി സേവ്യറിനെയാണ് (60) കാണാതായത്. മറിഞ്ഞ വള്ളത്തിലെ കയറിൽ തൂങ്ങിക്കിടന്ന തൊഴിലാളികളായ തമിഴ്നാട് നാഗപട്ടണം സ്വദേശി സത്യൻ (44), ജോർജ് (53) എന്നിവരെ വാടിയിൽ നിന്നുള്ള ബോട്ടിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് കൊല്ലം തീരത്തെത്തിച്ച ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചുതെങ്ങിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് സേവ്യർ, സത്യൻ, ജോർജ് എന്നിവർ ഫൈബർ വള്ളത്തിൽ കടലിലേക്ക് പോയത്. ഇന്നലെ പുലർച്ചെ തീരത്ത് മത്സ്യവുമായി മടങ്ങി എത്തേണ്ടതായിരുന്നു. പുലർച്ചെ ഒന്നിന് ശക്തമായ കാറ്റിൽ ഉലഞ്ഞ് വള്ളം മറിഞ്ഞു. സേവ്യർ മുങ്ങിപ്പോയപ്പോൾ സത്യനും ജോർജും മറിഞ്ഞ വള്ളത്തിൽ പിടിച്ച് കിടന്നു. വാടിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ലോകമാതാ എന്ന വള്ളം ഇന്നലെ രാവിലെയാണ് വള്ളത്തിൽ പിടിച്ച് കിടക്കുന്ന തൊഴിലാളികളെ കണ്ടത്. വാടിയിൽ നിന്ന് 28 നോട്ടിക്കൽ മൈൽ അകലെ കടലിലാണ് തൊഴിലാളികളെ കണ്ടെത്തിയത്. കാണാതായ സേവ്യറിനായി തെരച്ചിൽ തുടരുകയാണ്.