പത്തനാപുരം: വിളക്കുടി ഗ്രാമപഞ്ചായത്തിലെ കാവൽപ്പുര കല്ലൂർക്കോണം ഭാഗത്ത് മഞ്ഞപ്പിത്തം പടരുന്നു. പതിനഞ്ചോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെയാണ് അടുത്തടുത്ത വീടുകളിലുള്ളവർക്ക് രോഗം പിടിപെട്ടത്. ഇതിൽ രോഗം മൂർച്ഛിച്ച രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങി. കല്ലൂർക്കോണം എൽബി ഭവനിൽ ബിബിൻ ബാബു, പ്ലാവിള പുത്തൻവീട്ടിൽ രാധിക, പ്ലാവിള പുത്തൻവീട്ടിൽ അൽഅമീൻ, ചിത്തിരാലയത്തിൽ അലൻ ജോൺ, ശാസ്താംകുന്നിൽ വീട്ടിൽ അലൻ പി. ബാബു, ശാസ്താംകുന്നിൽ അജിത, നാസില മൻസിലിൽ നാസില, ജസ്ന മൻസിലിൽ ജസ്ന ഫാത്തിമ, ബംഗ്ലാവിൽ വീട്ടിൽ അസ്‌ലം, അൽഫിയ, കിഴക്കടത്തു വീട്ടിൽ മുഹമ്മദ് മുബാറക്ക്, ആസിയ മൻസിലിൽ ആസിഫ് എന്നിവരാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്.
കുടിവെള്ളത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. പ്രാദേശിക കുടിവെള്ള പദ്ധതിയുടെ പൈപ്പിൽ നിന്നാണ് മേഖലയിലെ വീടുകളിൽ വെള്ളമെത്തുന്നത്. എന്നാൽ ഈ വെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇത് കണ്ടെത്തുന്നതിന് പദ്ധതിക്കായി വെള്ളമെടുക്കുന്ന കിണറിലെ സാമ്പിൾ പരിശോധിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. രോഗം പടരുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രതിരോധ നടപടി എടുക്കുന്നതിനോ, കാരണം കണ്ടെത്തുന്നതിനോ പഞ്ചായത്തോ ആരോഗ്യവകുപ്പോ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലും ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ളവർക്കും നിവേദനം നൽകി.
സൂക്ഷിക്കണം മഞ്ഞപ്പിത്തത്തെ
ഉഷ്ണ കാലാവസ്ഥയിൽ കൂടുതലായി കാണപ്പെടുന്ന ഒരു രോഗലക്ഷണമാണ് മഞ്ഞപ്പിത്തം. ത്വക്കും കണ്ണും മഞ്ഞ നിറത്തിലാകുക എന്നതാണ് ഇതിന്റെ പ്രകടമായ ലക്ഷണം. കരളിനെ ബാധിക്കുന്ന അസുഖമാണിത്. കരൾ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടേയും രോഗലക്ഷണം മഞ്ഞപ്പിത്തമാണ്.
മനുഷ്യശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമ്മിക്കുന്നത് കരളാണ്. ഇത് പിത്താശയത്തിൽ സംഭരിക്കുന്നു. അവിടെനിന്ന് പിത്തനാളികവഴി ദഹന വ്യൂഹത്തിലെത്തുന്ന പിത്തരസം ദഹനത്തിന് സഹായിക്കുന്നു. ഈ പ്രക്രിയയുടെ തകരാറുമൂലമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. പിത്തരസത്തിന് നിറം നൽകുന്ന ബിലിറുബിൻ എന്ന ഘടകത്തിന്റെ 100 മി.ലി. രക്തത്തിലെ അളവ് സാധാരണ സമയങ്ങളിൽ 0.2 മി.ലി മുതൽ 05 മി.ലി. വരെയാണ്. ഇതിൽ കൂടുതലായി ബിലിറുബിൻ രക്തത്തിൽ കലർന്നാൽ കണ്ണ്, ത്വക്ക്, നഖം എന്നീ ശരീരഭാഗങ്ങളിലും മൂത്രത്തിലും മഞ്ഞനിറമുണ്ടാകുന്നു.
രോഗ ലക്ഷണങ്ങൾ
1.കണ്ണുകളിൽ വെളുത്ത ഭാഗത്ത് മഞ്ഞനിറം
2.ക്ഷീണം, തലകറക്കം, ദഹനത്തിനുള്ള ബുദ്ധിമുട്ടുകൾ,
3.ആഹാരത്തിന് രുചിയില്ലായ്മ, ഛർദ്ദി, കരളിന്റെ ഭാഗത്തു വേദന
4.ഗുരുതരാവസ്ഥയിൽ നഖങ്ങൾക്കടിയിലും മഞ്ഞനിറം
5.ബിലിറുബിൻ വർദ്ധിക്കും തോറും മൂത്രത്തിനും നിറവ്യത്യാസം
6.കൂടുതൽ വഷളായാൽ മൂത്രത്തിന് ചുവപ്പുനിറം
പ്രതിരോധ മാർഗങ്ങൾ
1. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
2. തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം ഒഴിവാക്കുക
3.കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക
4.സെപ്ടിക് ടാങ്കും കിണറും തമ്മിൽ നിശ്ചതി അകലമുണ്ടെന്നു ഉറപ്പു വരുത്തുക
5.ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക
6. സ്വയം ചികിത്സ അരുത്, മദ്യപാനം ഒഴിവാക്കുക
മേഖലയിൽ കൂടുൽ പേർക്ക് മഞ്ഞപ്പിത്ത് സ്ഥിരീകരിച്ചിട്ടില്ല. ആശങ്കയുള്ള പശ്ചാത്തലത്തിൽ വെള്ളിയാഴ്ച രാവിലെ പത്തിന് കല്ലൂർക്കോണത്ത് മെഡിക്കൽ ക്യാമ്പ് നടത്തും. രോഗം പടരുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
ജെ.സജീവ്,
പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ