കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന കൊതിമുക്ക് വട്ടക്കായലിന്റെ തീരത്ത് സാമൂഹ്യ വിരുദ്ധ ശല്യവും ലഹരി വസ്തുക്കളുടെ ഉപയോഗവും വർദ്ധിക്കുന്നതായി പരാതി. വട്ടക്കായലിന്റെ മീതേയുള്ള പാലവും ഇതിന് ചുറ്റുമുള്ള കാടുമാണ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം. ഈ പ്രദേശത്തുകൂടിയാണ് ചവറ കെ.എം.എം.എൽ ഫാക്ടറിയിലേക്കുള്ള റെയിൽപ്പാത കടന്ന് പോകുന്നത്.
വർഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുന്ന റെയിൽപ്പാതയുടെ ഇരുവശങ്ങളിലും കശുമാവിൻ തോപ്പുകളും ഒരാൾപ്പൊക്കത്തിൽ വളർന്ന് നിൽക്കുന്ന പച്ചപ്പടർപ്പുകളുമാണ്. 400 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന വട്ടക്കായൽ പള്ളിക്കലാറിന്റെയും ടി.എസ് കനാലിന്റെയും സംഗമ സ്ഥാനമാണ്. ഇവിടെയാണ് ലഹരി ഉപയോഗവും വിൽപ്പനയും പൊടിപൊടിക്കുന്നത്. പൊലീസിന്റെയും എക്സൈസിന്റെയും നിരന്തര നിരീക്ഷണമുണ്ടായിരുന്നതിനാൽ ഒരു വർഷം മുമ്പ് വരെ ഇവിടെ വലിയ പ്രശ്നങ്ങളില്ലായിരുന്നു. പൊലീസിന്റെ ശ്രദ്ധ ഇല്ലാതായതോടെയാണ് സാമൂഹ്യ വിരുദ്ധർ വീണ്ടും ഇവിടെ സജീവമായത്. ഇവരെ തുരത്തുന്നതിന് പ്രദേശത്ത് പരിശോധനകൾ കർശനമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വിദ്യാർത്ഥികളും സജീവം
അവധി ദിവസങ്ങളിൽ വട്ടക്കായലിന്റെ പ്രകൃതി ഭംഗി അസ്വദിക്കാനെന്ന വ്യാജേനെ നിരവധി വിദ്യാർത്ഥികളും യുവാക്കളും ഇവിടെയെത്തി ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ബൈക്കുകളിലും വള്ളങ്ങളിലുമായി എത്തുന്ന സംഘം കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഇവിടെ വിറ്റഴിക്കുന്നുണ്ട്. റെയിൽപ്പാതയുടെ കിഴക്ക് ഭാഗത്തെ പച്ചപ്പടർപ്പുകളിൽ തമ്പടിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തുക പ്രയാസമാണ്. പൊലീസോ എക്സൈസ് ഉദ്യോഗസ്ഥരോ വരുന്നത് കണ്ടാൽ ഇവർ കായലിൽ ചാടി നീന്തി രക്ഷപ്പെടും.