v
മുണ്ടയ്ക്കൽ പാലത്തിനരികെ തീരദേശ റോഡ് കൊല്ലം തോട്ടിലേക്ക് ഇടിഞ്ഞു താണ നിലയിൽ

കൊല്ലം: സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഉടമസ്ഥാവകാശ തർ‌ക്കത്തെ തുടർന്ന് പാർശ്വഭിത്തി നിർമ്മാണം നിലച്ച മുണ്ടയ്ക്കൽ പാലത്തിനരികെയുള്ള റോഡ് കനത്ത മഴയിൽ കൊല്ലം തോട്ടിലേക്ക് ഇടിഞ്ഞ് താഴ്ന്നു. സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങൾ തുടർച്ചയായി കടന്നുപോകുന്ന റോഡാണിത്. മഴ ശക്തമായി തുടർന്നാൽ റോഡ് മുറിയുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. റോഡ് വക്കിലുള്ള വീടുകളും അപകട ഭീഷണിയിലാണ്.

കൊല്ലം തോടിന്റെ കരയിലായതിനാൽ റോഡ് വീതി കൂട്ടുന്നതിനൊപ്പം ഇടിഞ്ഞു താഴാതിരിക്കാൻ പലയിടങ്ങളിലും പാർശ്വഭിത്തി നിർമ്മാണവും കിഫ്ബി പദ്ധതിയിലുണ്ട്. ആഴത്തിൽ നിന്ന് ഭിത്തി നിർമ്മിച്ചുവരാൻ മുണ്ടയ്ക്കൽ പാലത്തിനരികെ റോഡിന്റെ കരയിടിച്ചു. സിങ്ക് കൊണ്ടുള്ള ഗാവിയോൺ ബോക്സുകളിൽ പാറ നിറച്ച് പാർശ്വഭിത്തി കെട്ടിത്തുടങ്ങിയതോടെ തങ്ങളുടെ സ്ഥലം കൈയേറിയെന്നാരോപിച്ച് ഉൾനാടൻ ജലഗതാഗത വകുപ്പ് പൊതുമരാമത്ത് വകുപ്പിന് നിർമ്മാണം നിറുത്തിവയ്ക്കാൻ സ്റ്റോപ്പ് മെമ്മോ നൽകി.

പ്രശ്നപരിഹാരത്തിനായി ആറ് മാസം മുമ്പ് എം. നൗഷാദ് എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം നടത്തുകയും റവന്യൂ രേഖകൾ പരിശോധിച്ച് തോടിന്റെയും റോഡിന്റെയും വീതി കണക്കാക്കാൻ ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു. കൊല്ലം തോടിന്റെ ഭാഗമായുള്ള സ്ഥലത്ത് നിർമ്മാണം നടത്തണമെങ്കിൽ സർക്കാരിൽ നിന്ന് പ്രത്യേകാനുമതി വാങ്ങാനും പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പിന്നീട് തുടർപ്രവർത്തനങ്ങളൊന്നുമുണ്ടായില്ല.

 ബസ് സർവീസ് നിറുത്തിവച്ചു

റോഡ് ഇടിഞ്ഞതോടെ തീരദേശപാത വഴിയുള്ള സ്വകാര്യ ബസ് സർവീസ് നിറുത്തിവച്ചു. ചെറിയ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടത്തിവിടുന്നത്.

 പൊതുമരാമത്ത് വകുപ്പിന്റെ വാദം

ഭാവിയിൽ തീരദേശ ഹൈവേയുടെ ഭാഗമാകുന്ന റോഡാണിത്. റോഡും നടപ്പാതയും സഹിതം കുറഞ്ഞത് 12 മീറ്റർ വീതിയെങ്കിലും വേണം. ഇത് കണക്കാക്കിയാണ് പാർശ്വഭിത്തി ഇറക്കി നിർമ്മിച്ചത്. അല്ലെങ്കിൽ ഭാവിയിലെ വികസനത്തിന് തടസമാകും.

 ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ വാദം

കൊല്ലം തോട് സംസ്ഥാന ജലപാതയാണ്. ഇതിന് കുറഞ്ഞത് 25 മീറ്റർ വീതിയെങ്കിലും വേണം. കൊല്ലം തോടിന്റെ ഭാഗമായുള്ള സ്ഥലത്തേക്ക് 4 മീറ്റർ കയറ്റിയാണ് പൊതുമരാമത്ത് വകുപ്പ് പാർശ്വഭിത്തി നിർമ്മിച്ചത്. വീതി കുറയുന്നത് ജലപാത വഴിയുള്ള ഗതാഗതത്തെ ബാധിക്കും.

റിപ്പോർട്ട് നൽകി

പാർശ്വഭിത്തി നിർമ്മിക്കാനായി കരയിടിച്ച ഭാഗത്ത് കൂടി മഴവെള്ളം ഒഴുകിയാണ് ഇപ്പോൾ റോഡ് ഇടിഞ്ഞത്. വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് തഹസിൽദാർക്കും ദുരന്ത നിവാരണ വകുപ്പിനും റിപ്പോർട്ട് നൽകി. കൂടുതൽ ഇടിയാതിരിക്കാനായി മണ്ണിട്ട് റോഡ് ബലപ്പെടുത്താമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.

കല്ലുപാലം മുതൽ പുല്ലിച്ചിറ വരെയുള്ള തീരദേശ റോഡ് വികസിപ്പിക്കുന്നതിന് 25 കോടിയുടെ കിഫ്ബി പദ്ധതി