shabana-missing

കൊല്ലം: നീരാവിൽ സ്വദേശിനി ഷബ്നയുടെ തിരോധാനത്തിന് ഒരു വർഷം തികയാറാകുമ്പോഴും ശാസ്‌ത്രീയ പരിശോധനയുടെ സാങ്കേതികത്വത്തിൽ കുടുങ്ങി ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി! കഴിഞ്ഞ വർഷം ജൂലായ് 17ന് കടവൂരിലെ പി.എസ്.സി പരിശീലന കേന്ദ്രത്തിലേക്ക് പോയ പതിനെട്ടുകാരിയായ ഷബ്‌നയെ പിന്നീട് ആരും കണ്ടിട്ടില്ല. ഒരു കൊല്ലമായി അന്വേഷണം തുടരുന്ന പൊലീസ് സംഘത്തിനാകട്ടെ ഇതുവരെ ഒരു തുമ്പുപോലും കിട്ടിയുമില്ല. അന്വേഷണം തുടരുന്നുവെന്ന് ക്രൈംബ്രാഞ്ച് അവകാശപ്പെടുമ്പോഴും തുടങ്ങിയ ഇടത്തുതന്നെ കാര്യങ്ങൾ നിൽക്കുന്നു എന്നാണ് ആക്ഷേപം. ലോക്കൽ പൊലീസിനായിരുന്നു ആദ്യം അന്വേഷണ ചുമതല. പിന്നീട് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്രെടുത്തെങ്കിലും ഒരിഞ്ച് നീക്കാൻ അവർക്കുമായില്ല. തുടർന്ന് സ്‌റ്റേറ്റ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. എന്നിട്ടും ഷബ്നയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഷബ്‌നയെ കാണാതായ ദിവസം കൊല്ലം ബീച്ചിന് സമീപം ബാഗും ചെരിപ്പും കണ്ടെത്തിയിരുന്നു. ഇതോടെ കടലിൽ കാണാതായെന്ന സംശയം ഉയർന്നു. രണ്ടുദിവസം തീരദേശ പാെലീസും മറൈൻ എൻഫോഴ‌്സ്‌‌മെന്റും കൊല്ലം ജില്ലയുടെ കടൽ അതിർത്തിയായ അഴീക്കൽ മുതൽ കാപ്പിൽ വരെ അരിച്ചു പെറുക്കി. ലൈഫ് ഗാർഡുകളിൽ നിന്നും വിവരം തേടിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. എന്നാൽ, ഒരു പെൺകുട്ടി അന്ന് ഉച്ചയോടെ തന്റെ ഉന്തു വണ്ടിയിൽ നിന്ന് ഐസ് ക്രീം വാങ്ങി കഴിച്ചത് ബീച്ചിലെ ഒരു കച്ചവടക്കാരൻ ഷബ്നയുടെ ഫോട്ടോ കണ്ട് ഓർത്തെടുത്തു. അവർ ഉല്ലാസവതിയായിരുന്നുവെന്നും കച്ചവടക്കാരൻ പൊലീസിന് മൊഴി നൽകിയിരുന്നു.

പിന്നീട് സംശയത്തിന്റെ മുന ഷബ്‌നയുടെ മുറച്ചെറുക്കനായ യുവാവിന് നേരെയായി. അന്ന് രാവിലെ ഷബ്‌ന ഇയാളെ ഫോണിൽ വിളിച്ചത് കൂടുതൽ സംശയത്തിന് ഇട നൽകി. എന്നാൽ പതിവ് വിളിയാണെന്ന നിലപാടിൽ ഇയാൾ ഉറച്ചു നിന്നു. എന്നാൽ പെൺകുട്ടിയുടെ തിരോധാനത്തിൽ മുറച്ചെറുക്കന് വിഷമം തോന്നാതിരുന്നത് പിന്നെയും സംശയം ബലപ്പിച്ചു.

ഇതിനിടെ തമിഴ്‌നാട്ടിലെ ഏതോ തീർത്ഥാടന കേന്ദ്രത്തിൽ പെൺകുട്ടിയുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. തുടർന്ന് അന്വേഷണം കൊല്ലം ഈസ്‌റ്റ് സി.ഐയിൽ നിന്ന് കൺട്രോൾ റൂം സി.ഐക്കായി. ഈ അന്വേഷണത്തിലും പുരോഗതി കാണാതിരുന്നതിനെ തുടർന്ന് ഷബ്‌നയുടെ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്‌തു. എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചതോടെ കേസ് ലോക്കൽ പൊലീസിന്റെ ഭാഗമായ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ആ യൂണിറ്റിലെ ഒരു എ.സി.പിക്ക് അന്വേഷണ ചുമതല നൽകി.
ഇതിനിടെ മുറച്ചെറുക്കനെ നാർകോ അനാലിസിസിന് വിധേയനാക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷ സമർപ്പിച്ചു. തുടക്കത്തിൽ ഇതിനോട് സമ്മതം മൂളിയ ഇയാൾ പിന്നീട് നിലപാട് മാറ്റി. ശേഷം മനംമാറ്റംവന്ന് സമ്മതം മൂളി. എന്നാൽ ഗുജറാത്തിലെ ഗാന്ധി നഗർ എഫ്.എസ്.എൽ ലാബിൽ പരിശോധനയ്‌ക്ക് ഇയാളെ കൊണ്ടുപോയെങ്കിലും ഭാഷാ പ്രശ്‌നത്തിൽ അവർ പരിശോധന നടത്തിയില്ല. തുടർന്ന് ബംഗളൂരുവിൽ പരിശോധനയ്‌ക്ക് അപേക്ഷ നൽകിയെങ്കിലും സിസ്‌റ്റർ അഭയ കേസുമായി ബന്ധപ്പെട്ട പ്രതികളുടെ പരിശോധന ഫലം കോടതിയിൽ എത്തുന്നതിന് മുമ്പ് ചോർന്നതിനാൽ ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയിലുടക്കി അവിടെ നാർകോ നടത്തേണ്ടതില്ലെന്ന് അന്വേഷണ സംഘം തീരുമാനിച്ചു. ഡൽഹിയിൽ അപേക്ഷിച്ചെങ്കിലും അവിടെ ഭരണപരമായ സ്‌തംഭനാവസ്ഥ നിലനിന്നതിനാൽ നടന്നില്ല.

പാരിതോഷികവും ഫലം കണ്ടില്ല

ഷബ്‌‌നയെ കണ്ടെത്തുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ബന്ധുക്കളും നിരാശയിലാണ്. തിരുവനന്തപുരം ജില്ലയിൽ നിന്ന് ചില വിളികൾ വന്നെങ്കിലും അതൊന്നും ഷബ്‌ന ആയിരുന്നില്ല. ഷബ്നയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രി,​ പ്രതിപക്ഷ നേതാവ്,​ സംസ്ഥാന പൊലീസ് ചീഫ് എന്നിവരെ കണ്ട കർമ്മ സമിതി കൺവീനർ രാജഷ് തൃക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോഴും അവരുടെ ശ്രമം തുടർന്നുകൊണ്ടേയിരിക്കുന്നു.

ഇവിടെ നടത്തിക്കൂടേ..
ഭാഷാ പ്രശ്നം ഉൾപ്പെടെ ചൂണ്ടിക്കാട്ടി നാർകോ അനാലിസിസ് നടക്കാതെ പോകുമ്പോൾ സംസ്ഥാനത്തുതന്നെ ഇതിനുള്ള സൗകര്യം ഒരുക്കിക്കൂടേ എന്ന ചോദ്യമുയരുന്നു. വേഗത്തിൽ കേസ് തെളിയിക്കാൻ ഇതിലൂടെ കഴിയും. തൃശൂരും തിരുവനന്തപുരത്തുമുള്ള ഫോറിൻസിക് ലാബുകളിൽ ഒരു മിനി ഓപ്പറേഷൻ തിയേറ്റർ സ്ഥാപിക്കുകയും അവിടെ ഒരു അനസ്‌തേഷ്യ വിദഗ്‌ദ്ധന്റെ തസ്‌തിക കൂടി അനുവദിക്കുകയും ചെയ്‌താൽ ഇവിടെ നടത്താൻ കഴിയുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഉപബോധ മനസിൽ നിന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കൊപ്പം കുറ്റകൃത്യവുമായി ബന്ധമുള്ള മുഴുവൻ കാര്യങ്ങളും മനസിലാക്കുന്നതാണ് നാർകോ അനാലിസിസ്. പോളിഗ്രോഫ് പരിശോധനയാകട്ടെ കുറ്റാരോപിതർ നൽകുന്ന ഉത്തരം ശരിയാണോ തെറ്റാണോയെന്ന് അവരുടെ മാനസിക നിലയെ ആസ്‌പദമാക്കി മനസിലാക്കുന്നതാണ്. ഇത് അങ്ങേയറ്റം ശാസ്ത്രീയമാണെന്ന് ഉറപ്പുമില്ല. അതുകൊണ്ടാണ് പല കേസുകളിലും പൊലീസ് നാർകോ അനാലിസിസിനെ ആശ്രയിക്കുന്നത്.